ദാദ്രി സംഭവം ആസൂത്രിതം; ആശങ്കാകുലമെന്ന്‌ ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: ദാദ്രി കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നു ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുസ്ലിംകള്‍ക്ക് ഇന്ത്യക്കാരെന്ന നിലയിലുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.സദാചാര ഗുണ്ടായിസവും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യവുമാണ്‌ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ കാരണം. ക്ഷേത്രത്തിലെ ലൗഡ്‌ സ്‌പീക്കര്‍ വഴി ജനക്കൂട്ടത്തെ വിളിച്ചുവരുത്തുകയായിരുന്നു. ഇതു തന്നെ ആസൂത്രിതമാണെന്ന സൂചന നല്‍കുന്നു. ഇക്കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിരുത്തരവാദിത്വ പരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്‌ വര്‍ഗ്ഗീയ സംഘര്‍ഷവും സമുദായങ്ങള്‍ തമ്മിലുള്ള സ്‌പര്‍ദ്ധയും വളരാന്‍ കാരണമാകുമെന്നും ആറു പേജ്‌ വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സംഭവത്തെ അപകടമെന്ന്‌ വിശേഷിപ്പിച്ചു. പിന്നാലെ എത്തിയ ചില ബിജെപി നേതാക്കളും വിദ്വേഷം കലര്‍ന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഉത്തരവാദിത്വമുള്ള കസേരയില്‍ ഇരിക്കുന്നവര്‍ ഇത്തരം സംഭവങ്ങളെ കുറച്ചു കാണുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.ക്ഷേത്രത്തെ തന്നെ ജനക്കൂട്ടത്തെ ഒരുമിച്ച്കൂട്ടാന്‍ ഉപയോഗിച്ചതില്‍ നിന്നും ഇത് നേരത്തെ ആസൂത്രണം ചെയ്ത എപിസോഡാണെന്ന് വ്യക്തമാക്കുന്നതായും അമ്പലത്തില്‍ നിന്ന് അനൗണ്‍സ്‌മെന്റ് വന്ന് നിമിഷങ്ങള്‍ക്കകം വന്‍ജനക്കൂട്ടം തടിച്ചുകൂടിയത് ഇത് സാധൂകരിക്കുന്നതായും കമ്മീഷന്‍ പറഞ്ഞു.ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹമ്മദിന്റെ നേതൃത്വത്തില്‍ ദാദ്രി സന്ദര്‍ഷിച്ച് വീട്ടുകാരില്‍ നിന്നും സമീപവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി മഹേഷ് ശര്‍മ ഇഖ്‌ലാഖിന്റെ കൊലപാതകം അപകടമെന്നു വിശേഷിപ്പിച്ചിരുന്നു. ബിജെപി എംഎല്‍ എ സംഗീത് സോം, ബിഎസ്പി നേതാവ് നസിമുദ്ദീന്‍ സിദ്ദീഖി തുടങ്ങിയവരും വിദ്വേഷ പ്രസംഗമാണ് നടത്തിയത്.

Top