ന്യൂയോര്‍ക്ക്:ഉത്തര്‍പ്രദേശിലെ ദാദ്രി കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോള്‍ ദാദ്രി കൊലപാതകം പോലുള്ളവ ഇന്ത്യയ്ക്ക് അപമാനമുണ്ടാക്കുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇത്തരം സംഭവങ്ങള്‍ നയപരമായ വ്യതിയാനത്തിലേയ്ക്ക് നയിയ്ക്കുമെന്നും ന്യൂയോര്‍ക്കില്‍ മാദ്ധ്യമങ്ങളോട് സംസാരിയ്ക്കവേ അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. ഇന്ത്യയിലേത് പക്വതയുള്ള ജനാധിപത്യ സമൂഹമാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിയ്ക്കാന്‍ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തമുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞു.
തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രദേശത്ത് നടന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്‍പ്പടെ വ്യാപക വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന സാഹചര്യത്തിലാണ് അരുണ്‍ ജയ്റ്റ്ലിയുടെ പ്രസ്താവന. ബി.ജെ.പി എം.എല്‍.എ സംഗീത് സോം ദാദ്രി കേസിലെ പ്രതികളെ അനുകൂലിച്ച് നടത്തിയ പ്രസ്താവന വലിയ വിവാദമായിട്ടുണ്ട്. കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്ലാഖിന്റെ കുടുംബത്തെ ഗോ ഹത്യക്കാര്‍ എന്നാണ് സംഗീത് സോം വിശേഷിപ്പിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പത്ത് പേരില്‍ ഏഴ് പ്രതികളും ബി.ജെ.പി ബന്ധമുള്ളവരാണ്. ബി.ജെ.പി പ്രാദേശിക നേതാവ് സഞ്ജയ് റാണയുമായി അടുപ്പം പുലര്‍ത്തുന്നവരാണ് പിടിയിലായവരെല്ലാം. കേസിലെ പ്രധാന പ്രതികളിലൊരാള്‍ സഞ്ജയ് റാണയുടെ മകനാണ്.മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ച് സെപ്റ്റംബര്‍ 28നാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് ഇഖ്ലാഖ് എന്ന മദ്ധ്യവയസ്കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ദാദ്രി സംഭവത്തെ തുടര്‍ന്ന് വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെ ഒട്ടും ദാക്ഷിണ്യം കാണിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്ന് കേന്ദ്രം വിശദീകരണവും തേടിയിട്ടുണ്ട്.