ലക്‌നൗ: ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന അഖ്‌ലാഖിന്റെ കുടുംബത്തോടുള്ള ക്രൂരത അവസാനിച്ചിട്ടില്ല. അഖ്‌ലാഖിന് നീതിപീഠവും കൈവിട്ടു. അഖ്ലാഖിന്റെ കുടുംബത്തിനെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ഉത്തരവ്.
അഖ്ലാഖിന്റെ കുടുംബത്തിലെ ഏഴ് പേര്‍ക്കെതിരേ കേസെടുക്കാന്‍ സുരാജ്പൂര്‍ കോടതി നിര്‍ദേശം നല്‍കി. പശുവിനെ മോഷ്ടിച്ചെന്നും ഇറച്ചി ഉപയോഗിച്ചെന്നും ആരോപിച്ചായിരുന്നു ജനക്കൂട്ടം അഖ്ലാഖിനെ തല്ലിക്കൊന്നത്. ഗോവധ നിരോധനത്തിന് കേസെടുക്കാന്‍ വൈകുന്നു എന്ന് കാട്ടി ഒരുകൂട്ടം ആള്‍ക്കാര്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് കോടതി കേസെടുത്തത്.
സംഭവത്തില്‍ അഖ്ലാഖ്, ഭാര്യ ഇക്രമന്‍, അമ്മ അസ്ഗരി, സഹോദരന്‍ ജാന്‍ മുഹമ്മദ്, മകള്‍ ഷയിസ്ത, മകന്‍ ഡാനിഷ്, സഹോദരന്റെ ഭാര്യ സോന എന്നിവര്‍ക്കെതിരേയാണ് കേസ്. കഴിഞ്ഞ സെപ്തംബര്‍ 28 നായിരുന്നു അഖ്ലക്കിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. ഗൗതം ബുദ്ധനഗര്‍ ജില്ലയിലെ ദാദ്രിയില്‍ അഖ്ലാക്കിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ അഖ്ലാക്കിന്റെ ഇളയമകന്‍ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.