ന്യൂഡല്‍ഹി: പശുയിറച്ചി കഴിച്ചെന്നാരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ സായുധസംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കൊലപാതക കാരണം എന്താണെന്ന് രണ്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്നലെ രാത്രി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് നിയമം ലംഘിച്ച് പ്രസ്താവനങ്ങള്‍ നടത്തിയ കേന്ദ്ര മന്ത്രി മഹേഷ് ശര്‍മയ്ക്ക്ും ബിജെപി എംഎല്‍എ സംഗീത് സോമിനുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്.
ജില്ലാ മജിസ്ട്രേറ്റിനായി പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇവരെ കൂടാതെ ബിഎസ്പി നേതാവും മുന്‍ മന്ത്രിയുമായ നസീമുദ്ദീന്‍ സിദ്ധിക്കിക്കെതിരെയും കേസുടക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്നം നടന്ന മേഖലയില്‍ പൊലീസിന്റെ വിലക്ക് ലംഘിച്ച് പ്രസംഗിച്ച മൂന്നു നേതാക്കള്‍ക്കെതിരെയാണ് കേസെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ യാദവ് പറഞ്ഞു.
നേതാക്കള്‍ക്ക് മരിച്ചയാളുടെ കുടുംബാംഗങ്ങളെ കാണാന്‍ മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ അവിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇത്തരത്തിലൊരു പ്രശ്നം നിലനില്‍ക്കുന്ന മേഖലയില്‍ നേതാക്കള്‍ പ്രസംഗിക്കാന്‍ പാടില്ലായിരുന്നുവെന്നും എസ്പി ചൂണ്ടിക്കാണിച്ചു. ബിജെപി എംഎല്‍എ ദാദ്രിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നടത്തിയ പ്രസംഗവും കേന്ദ്ര മന്ത്രിയുടെ പ്രസംഗവും വിവാദമായിരുന്നു. സംഗീത് സോമിന്റെ പ്രസംഗത്തിനെതിരെ എന്ത് നടപടിയെടുക്കാന്‍ സാധിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം പൊലീസിനോട് ചോദിച്ചിരുന്നു.
ഈ നേതാക്കളെ കൂടാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍, ഒവൈസി തുടങ്ങിയവരും ദാദ്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും പൊതു പ്രസംഗം നടത്തിയില്ലെന്നും എസ്പി പറഞ്ഞു.അതേസമയം, ദാദ്രി സംഭവത്തില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കില്‍ പ്രതികരിച്ചു. സംഭവം രാജ്യത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.