കൊണ്ടോട്ടി: ഏവിയേഷന്‍ കോളജിലെ ബിബിഎ ഏവിയേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആതിര കെട്ടിടത്തില്‍ നിന്നും ചാടി മരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തിരുവനന്തപുരം ഐ.പി.എം.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ശ്രീകാര്യത്ത് കൈലാസില്‍ ദീപാ മണികണ്ഠനെ (42)യാണ് പൊലീസ് അറസ്റ്റ്ചെയ്തത്. സഹപാഠികളുടെ ക്രൂരമായ ജാതീയ പീഡത്തെത്തുടര്‍ന്ന് കഴിഞ്ഞ 30 ാം തീയതിയാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ആതിര (21) വിമാനത്താവളത്തിനു സമീപത്തെ നൂഹ്മാന്‍ ജങ്ഷനിലെ ലോഡ്ജില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സംഭവത്തില്‍ ആതിരയുടെ സഹപാഠികളായ ആലപ്പുഴ മുളക്കഴ കൈക്കുഴിയില്‍ ശാലു (19), നെടുമങ്ങാട് നെട്ടരക്കോണം ആയില്യംവീട്ടില്‍ വൈഷ്ണവി (19), തിരുവല്ല കാരക്കല്‍ തയ്യില്‍ നീതു എലിസബത്ത് അലക്സ് (19), ഓയൂര്‍ ഷൈജ മന്‍സിലില്‍ ഷൈജ (19), തിരുവല്ല കാരക്കല്‍ കുരട്ടിയില്‍ അക്ഷയ് വീട്ടില്‍ ആതിര (19) എന്നിവരെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം നടത്തുകയും പട്ടികജാതിക്കാരി എന്നനിലയില്‍ അപമാനിക്കുകയും ചെയ്തതിനാണ് സഹപാഠികളെ അറസ്റ്റ് ചെയ്തിരുന്നത്. കുട്ടികളെ ഇതിനു പ്രേരിപ്പിച്ചതിനാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ്ചെയ്തത്.
സംഭവത്തിനുശേഷം മുങ്ങിയ പ്രിന്‍സിപ്പലിനെ കോയമ്പത്തൂരില്‍നിന്നാണ് പിടികൂടിയത്. പ്രിന്‍സിപ്പലിനുവേണ്ടി പോലീസ് തിരുവനന്തപുരത്തും കന്യാകുമാരി ജില്ലയിലെ തക്കലയിലും നാഗര്‍കോവിലും തിരച്ചില്‍ നടത്തിയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രിന്‍സിപ്പല്‍ കോയമ്പത്തൂരിലുണ്ടെന്നു തിരിച്ചറിഞ്ഞത്. ഇവരെ മഞ്ചേരിയിലെ സ്പെഷ്യല്‍ എസ്.സി./എസ്.ടി. കോടതിയില്‍ ഹാജരാക്കി. മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ സതീശന്‍, പ്രത്യേകാന്വേഷണ സംഘാംഗങ്ങളായ ഷിജു, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ദീപാ മണികണ്ഠനെ അറസ്റ്റ്ചെയ്തത്.