ഡാമുകള്‍ നിറഞ്ഞിട്ടും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഡാമുകള്‍ നിറഞ്ഞ് കിടക്കുമ്പോഴും സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണം. പ്രളയം മൂലം വൈദ്യുതി ഉല്‍പാദനത്തിലുണ്ടായ കുറവിന് പുറമേ കേന്ദ്രത്തില്‍ നിന്നുള്ള വിഹിതത്തിന്റെ ഇടിവും പരിഹരിക്കാന്‍ താല്‍ക്കാലിക ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളിലാണ് ഇത് ഏര്‍പ്പെടുത്തുകയെന്നും വൈദ്യുതി കമ്മി പരിഹരിക്കുന്നത് വരെ ഇത് തുടരുമെന്നുമാണ് അറിയിപ്പ്. വൈകിട്ട് 6.30 മുതല്‍ 9.30 വരെയുള്ള സമയത്താണ് നിയന്ത്രണമുണ്ടാകുക.

പ്രളയത്തെ തുടര്‍ന്ന് പന്നിയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് എന്നിവ ഉള്‍പ്പെടെ ഏഴ് ജലവൈദ്യുതി നിലയങ്ങളും കുത്തുങ്കല്‍, മണിയാര്‍ തുടങ്ങിയ സ്വകാര്യ നിലയങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലമുള്ള വൈദ്യുതി കമ്മി മറ്റ് നിലയങ്ങളിലെ ഉത്പാദനം കൂട്ടിയും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയും കൊണ്ടാണ് നികത്തിയിരുന്നത്. എന്നാല്‍ ഇന്നലെ താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടംകുളത്തുനിന്നുള്ള 266 മെഗാവാട്ടും ലഭിക്കുന്നത് നിലച്ചു.

സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 700 മെഗാവാട്ടിന്റെ കുറവാണുള്ളത്. പവര്‍ പര്‍ച്ചേസിലൂടെ ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നുണ്ടെന്ന് കെ.എസ്.ഇ.ബി പറഞ്ഞു.

Top