കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന് സസ്‌പെന്‍ഷന്‍ നേരിട്ട കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐ എമ്മില്‍ ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിനാല്‍ ടി കെ അലവിക്കുട്ടിയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തിരുന്നു. തുടര്‍ന്നിദ്ദേഹം സിപിഐ എമ്മില്‍ ചേരുകയായിരുന്നു. മലപ്പുറം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് അലവിക്കുട്ടിയെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇടത് പക്ഷവുമായി സഹകരിച്ച് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അലവിക്കുട്ടി വ്യക്തമാക്കി. തിരൂർ കേന്ദ്രീകരിച്ചാകും അലവിക്കുട്ടിയുടെ പ്രവർത്തനം. മുൻപ് കോൺഗ്രസ് എസ് ജില്ലാ നേതാവായിരുന്ന അലവിക്കുട്ടി 2008 ലാണ് കോൺഗ്രസിലെത്തുന്നത്.
” സ്വജീവൻ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പൊലീസ് സേനയുൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചോർത്തല്ല, വരുന്ന തലമുറയെക്കുറിച്ചാണ് നാം ആകുലപ്പെടേണ്ടത്. ഇത് രാഷ്ട്രീയപാർട്ടികളുടെ അതിജീവനത്തിനുള്ള സമയമല്ല, മനുഷ്യരുടെ അതിജീവനത്തിന്റെ സമയമാണെന്ന് നമ്മളിൽ ചിലർ ഇനിയുമെന്താണ് മനസ്സിലാക്കാത്തത്? ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ട് ഏത് തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്?” – ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ച അലവിക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിലെ പ്രസക്തമായ വരികൾ. ഇതിന് പിന്നാലെയാണ് അലവിക്കുട്ടിയുടെ വിശദീകരണം തള്ളി ഡി.സി.സി നടപടിയെടുത്തത്.