തിരുവനന്തപുരം: ജിഷ വധക്കേസില്‍ അമിറുള്‍ ഇസ്ലാമിന് കോടതി തൂക്കുകയര്‍ വിധിച്ചിരിക്കുകയാണ്. വധശിക്ഷ എന്ന ശിക്ഷാരീതി തന്നെ പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. അമീറുള്‍ ഇസ്ലാമിന് തത്ക്കാലം ജീവന് ഭീഷണി ഇല്ലെങ്കിലും വധശിക്ഷയുടെ വിവിധ മാനങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ തൂക്കിലേറ്റപ്പെട്ടതു 14 പേരെ തലയ്ക്കടിച്ചു കൊന്ന റിപ്പര്‍ ചന്ദ്രനാണ്. 1991 ജൂെലെ ആറിനാണ് കണ്ണൂര്‍ ജയിലില്‍ ചന്ദ്രന്റെ ശിക്ഷ നടപ്പാക്കിയത്.
കാല്‍നൂറ്റാണ്ടു പിന്നിടുമ്പോള്‍, കഴുത്തില്‍ തൂക്കുകയര്‍ വീഴാനുള്ള അടുത്ത ഊഴം ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക്. പുനഃപരിശോധനാഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെങ്കിലും രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനാല്‍ ഏതുനിമിഷവും ആന്റണി തൂക്കിലേറ്റപ്പെടാം.
ആന്റണിക്കു വധശിക്ഷ ഉറപ്പായതോടെ, ജയില്‍ ഡി.ജി.പി. സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്നാവശ്യപ്പെട്ടു 2013-ല്‍ ഡോ. അലക്സാണ്ടര്‍ ജേക്കബ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കത്ത് നല്‍കിയിരുന്നു. വധശിക്ഷയോടു മാനസികമായി യോജിപ്പില്ലാത്തതിനാലായിരുന്നു ഈ അസാധാരണനടപടി. കത്തുകണ്ട് അമ്പരന്ന ആഭ്യന്തരമന്ത്രി ജയില്‍ മേധാവിയെ വിളിപ്പിച്ചു.
കൊല്ലാനുള്ള ഉത്തരവില്‍ ഒപ്പിടാന്‍ മനസ് അനുവദിക്കുന്നില്ലെന്ന ധര്‍മസങ്കടം അലക്സാണ്ടര്‍ ജേക്കബ് തിരുവഞ്ചൂരിനോടു പങ്കുവച്ചു. അക്കാര്യം ശിക്ഷ നടപ്പാക്കേണ്ടിവരുമ്പോള്‍ ആലോചിക്കാമെന്നു പറഞ്ഞാണു ജയില്‍ മേധാവിയെ മന്ത്രി മടക്കിയയച്ചത്. ഇങ്ങനെ ലോലഹൃദയനായാല്‍ എന്തു ചെയ്യുമെന്നു തിരുവഞ്ചൂര്‍ ചോദിച്ചതായും അലക്സാണ്ടര്‍ ജേക്കബ് ഓര്‍മിച്ചു.
തൂക്കിക്കൊല്ലുന്ന പ്രാകൃതരീതിക്കു പകരം വൈദ്യുതിക്കസേര ഉപയോഗിച്ചു ശിക്ഷ നടപ്പാക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടതും അലക്സാണ്ടര്‍ ജേക്കബാണ്. പാശ്ചാത്യരാജ്യങ്ങളില്‍ വൈദ്യുതിക്കസേര ഉപയോഗിച്ചാണു വധശിക്ഷ നടപ്പാക്കുന്നത്. സെക്കന്റുകള്‍ക്കകം മരണം സംഭവിക്കുമെന്നതാണ് ഈ രീതിയുടെ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴുമരത്തിലാണെങ്കില്‍ പ്രാണന്‍ പോകാന്‍ 10 മിനിട്ട്വരെയെടുത്തേക്കും.
എന്നാല്‍, തൂക്കിക്കൊല്ലാനാണു കോടതി ഉത്തരവെന്നും ഷോക്കടിപ്പിച്ചു കൊല്ലാനല്ലെന്നുമായിരുന്നു അന്നത്തെ നിയമ സെക്രട്ടറി രാമരാജപ്രേമപ്രസാദിന്റെ മറുപടി. വധശിക്ഷ നടപ്പാക്കാന്‍ നിലവില്‍ കേരളത്തില്‍ ആരാച്ചാരില്ല. ആരാച്ചാരായി നിയമിക്കണമെന്നാവശ്യപ്പെട്ടു നെയ്യാറ്റിന്‍കര സ്വദേശി നല്‍കിയ അപേക്ഷ സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.
എം.എക്കാരനായ അയാളെ അഭിമുഖത്തിനു ക്ഷണിക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാന്‍ ധൈര്യമുണ്ടോയെന്ന ചോദ്യത്തിന്, അന്ന് അവധിയെടുത്താല്‍ പോരേ എന്നായിരുന്നു മറുപടി. അന്തംവിട്ട ജയില്‍ മേധാവി ഇക്കാര്യം ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്തു.
തമിഴ്നാട്ടില്‍നിന്ന് ആരാച്ചാരെ വരുത്തിയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഒന്‍പത് ആരാച്ചാര്‍മാരുണ്ട്. വധശിക്ഷാവിധി രാജ്യത്തെ ഏതു ജയിലിലും നടപ്പാക്കാമെന്നാണു നിയമം. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണു തൂക്കുമരമുള്ളത്.
തിരുവനന്തപുരത്തെ കൊലമുറി ഈയിടെ പുതുക്കിപ്പണിതു; പുതിയ വടവും വാങ്ങി. വധശിക്ഷ നടപ്പാക്കുമ്പോള്‍ ആരാച്ചാര്‍ക്കു പുറമേ ജയില്‍ സൂപ്രണ്ട്, കോടതിയിലെ ആമീന്‍ എന്നിവരുമുണ്ടാകണം. തൂക്കിക്കൊലയ്ക്കു നേതൃത്വം നല്‍കിയ മൂന്നു ജയില്‍ സൂപ്രണ്ടുമാര്‍ തൊണ്ടയില്‍ അര്‍ബുദം ബാധിച്ചാണു മരിച്ചതെന്ന യാദൃശ്ചികതയും അലക്സാണ്ടര്‍ ജേക്കബ് ചൂണ്ടിക്കാട്ടി.