നിയമസഭയില്‍ കിടന്നുറങ്ങുന്ന നേതാക്കള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നത് ഇതാദ്യത്തെ സംഭവമല്ല. രാഹുല്‍ ഗാന്ധിവരെ കൂര്‍ക്കം വലിച്ച് ഉറങ്ങിയ കഥയുണ്ട്. കഴിഞ്ഞ ദിവസം ക്യാമറാ കണ്ണില്‍ കുരുങ്ങിയത് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയായിരുന്നു. ഗവര്‍ണര്‍ പി സദാശിവം നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗ വേളയിലാണ് എല്‍ദോസ് കിടന്നുറങ്ങിയത്. അടുത്തിരുന്ന വിടി ബലറാമും ഈ ഫോട്ടോയില്‍ ഇടം പിടിച്ചിരുന്നു.
ട്രോളര്‍മാര്‍ കൊന്നുകൊലവിളിച്ചു എന്നു തന്നെ പറയാം. ഇതിനു പിന്നാലെയാണ് കേരളവര്‍മ്മ കോളെജിലെ അധ്യാപിക ദീപ നിശാന്ത് പരിഹാസവുമായി രംഗത്തെത്തിയത്. ഗവര്‍ണറുടെ പ്രസംഗത്തിനിടെ ഉറങ്ങിപ്പോയ എല്‍ദോസ് കുന്നപ്പിള്ളിയെ ബല്‍റാമാണ് വിളിച്ചെഴുന്നേല്‍പ്പിച്ചത്. ബല്‍റാമായിരുന്നു ഉറങ്ങിപ്പോയതെങ്കില്‍ അദ്ദേഹത്തിന്റെ അവസ്ഥ ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നുവെന്നാണ് ദീപ നിശാന്ത് പറഞ്ഞത്. ത്തരം മനംമയക്കുന്ന നയപ്രഖ്യാപന വേളകളെ കണ്ണടയാതെ പിടിച്ചു നിര്‍ത്താന്‍ ഇനി മുതല്‍ തലസ്ഥാനത്തേക്ക് പോകുമ്പോള്‍ രണ്ട് ഈര്‍ക്കില്‍ കൂടി കയ്യില്‍ വെക്കാന്‍ ദീപയുടെ ഉപദേശവുമുണ്ട്.
ജനപ്രതിനിധികള്‍ ഉറങ്ങാന്‍ പാടില്ലെന്ന് നിയമം ഒന്നുമില്ല. ഉറക്കം വരുന്ന രീതിയില്‍ സംസാരിച്ചാല്‍ ആരായാലും ഒന്നുറങ്ങിപ്പോകും. സംഗതി തമാശയാണെന്നും അങ്ങനെ എടുത്താല്‍ മതിയെന്നും ദീപ കൂട്ടിച്ചേര്‍ക്കുന്നു. അതിനിടെ തനിക്കുണ്ടായ ഒരനുഭവവും ദീപ സന്ദര്‍ഭവശാല്‍ പറയുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഓറിയന്റേഷന്‍ കോഴ്സില്‍ പങ്കെടുക്കുന്നതിനിടയ്ക്ക് ക്ലാസിലിരുന്ന് അതിഗംഭീരമായി താനും ഉറങ്ങിയിട്ടുണ്ട്. എറണാകുളം മഹാരാജാസില്‍ നിന്ന് വിരമിച്ച അധ്യാപിക തന്നെ ആ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. ഏറ്റവും മുന്നിലുള്ള സീറ്റില്‍ വിളിച്ചിരുത്തി. പണ്ടൊക്കെ താനും ക്ലാസിലിരുന്ന് കുട്ടികള്‍ ഉറങ്ങുന്നതു കണ്ടാല്‍ ദേഷ്യപ്പെടുമായിരുന്നു. കുട്ടി എന്തോ ഭീകര അപരാധം ചെയ്തെന്ന മട്ടില്‍ ശകാരിക്കും. ഇപ്പോള്‍ നിര്‍ത്തി. നമ്മുടേതാണ് കുഴപ്പം എന്ന് മനസിലായെന്ന് ദീപയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ദീപയുടെ പോസ്റ്റിന് മറുപടിയുമായി ഒടുവില്‍ ബല്‍റാം തന്നെ രംഗത്തെത്തി. ഇന്നലെ നിയമസഭ തുടങ്ങിയ ദിവസമായിരുന്നു. തലേദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പല പരിപാടികള്‍ക്കും ശേഷം രാത്രി ട്രെയിനിലോ കാറിലോ ഒക്കെയാണ് എംഎല്‍എമാര്‍ തിരുവനന്തപുരത്തെത്താറുള്ളത്. രാവിലെ എട്ടരക്ക് സഭ തുടങ്ങുകയും ചെയ്യും. അതുകൊണ്ട് ക്ഷീണം കാരണം ഇടക്കൊന്ന് കണ്ണടക്കുന്നതൊക്കെ മനുഷ്യസഹജമാണ്.
എന്റെ അടുത്ത സീറ്റിലിരുന്ന എല്‍ദോസ് കുന്നപ്പിള്ളി രാവിലെ വന്നപ്പോള്‍ തൊട്ട് നല്ല തലവേദനയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇന്നലെയാണെങ്കില്‍ രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ദീര്‍ഘമായ പ്രസംഗമായിരുന്നു ഗവര്‍ണ്ണറുടേത്. ഇരുന്ന് കേള്‍ക്കുക എന്നതല്ലാതെ ആ സമയത്ത് സഭാംഗങ്ങള്‍ക്ക് വേറെയൊന്നും ചെയ്യാനില്ല. അതിനിടയില്‍ ഇടക്കൊന്ന് കണ്ണടഞ്ഞതിന്റെ പേരില്‍ ഒരാളെ ഇത്ര ആക്ഷേപിക്കാനൊന്നുമില്ലെന്ന് ബല്‍റാം മറുപടിയെഴുതുന്നു.