അഭിനയ മികവ് കൊണ്ടും കിട്ടുന്ന ഓരോ കഥാപാത്രങ്ങളെയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തും ബോളിവുഡിന്റെ ഹൃദയം കവര്‍ന്ന നടിയാണ് ദീപിക പദുക്കോണ്‍. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിന് ശേഷം ദീപിക പദുകോണിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ആസിഡ് ആക്രമണത്തെ അതിജിവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ദീപിക എത്തുന്നത്.മേഘന ഗുല്‍സാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തിലും ദീപിക പങ്കുവഹിക്കുന്നുണ്ട്.
പതിനഞ്ചാം വയസ്സിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. നിരവധി ശസ്ത്രക്രിയകള്‍ക്ക് ഇവര്‍ വിധേയയായി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയാവര്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ചു. നിരവധി ബോധവത്കരണ പരിപാടികളും കാമ്പെയിനുകളും ലക്ഷ്മി നടത്തി. 2014ല്‍ മിഷേല്‍ ഒബാമയില്‍ നിന്ന് അന്താരാഷ്ട്ര ധീരവനിത പുരസ്‌ക്കാരവും ലക്ഷ്മി ഏറ്റുവാങ്ങി.
ചിത്രത്തെ കുറിച്ച് കേട്ടപ്പോള്‍ അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. ഇത് വെറും അതിക്രമത്തിന്റെ കഥയല്ല. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീക്ഷയുടെയും കഥയാണ്. വ്യക്തിപരമായി അതെന്നില്‍ വല്ലാത്ത ആഘാതം സൃഷ്ടിച്ചു. കുറച്ചുകൂടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതുകൊണ്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കാം എന്ന തീരുമാനം എടുത്തത്. ദീപിക പറയുന്നു
ചിത്രത്തില്‍ ലക്ഷ്മിയാവാന്‍ അനുയോജ്യ ദീപിക തന്നെയാണെന്നാണ് സംവിധായിക മേഘന ഗുല്‍സാര്‍ അഭിപ്രായപ്പെട്ടത്.