കലാപങ്ങള്‍ ഡല്‍ഹിയെ ഇതിന് മുമ്പും കരയിപ്പിച്ചിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഇന്നും ഡല്‍ഹിയെ വിട്ടുമാറിയിട്ടില്ല. എന്നാല്‍ അതിനും അപ്പുറത്തേക്കായിരുന്നു ഇപ്പോഴത്തെ കലാപം. തോക്കുപയോഗിച്ച് നടന്ന കലാപം. ഉത്തര്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ ഇത്രയും തോക്ക് എവിടെനിന്ന് എത്തിയെന്ന് പൊലീസിനും പിടികിട്ടാത്ത ഉത്തരമാണ്. ചികിത്സയിലുള്ള ഇരുനൂറിലേറെ പേരില്‍ 40 ശതമാനത്തിനും വെടിയേറ്റിട്ടുണ്ടെന്ന് ജി.ടി.ബി. ആശുപത്രിയധികൃതര്‍ വ്യക്തമാക്കുന്നു. ചാന്ദ്ബാഗിലെ അഴുക്കുചാലില്‍ കണ്ടെടുത്ത ഐ.ബി. ഓഫീസറുടെ മൃതദേഹത്തിലും വെടിയേറ്റ പാടുണ്ടായിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹി മെല്ലെ സമാധാനത്തിലേക്ക് പോവുകയാണ്. അപ്പോഴും അകത്തെ നീറല്‍ മാറുന്നില്ല. പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി.