ദില്ലി: ആംആദ്മി പാര്‍ട്ടി എംഎല്‍എയുടെ അറസ്റ്റ് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. പാര്‍ട്ടി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പ്രധാനമന്ത്രിയുടെ വസതിയുടെ പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ വസതിയിലെത്തി താന്‍ അറസ്റ്റ് വരിക്കുമെന്ന് മനീഷ് സിസോദിയ പറഞ്ഞു. ആംആദ്മി എംഎല്‍എ ദിനേഷ് മോഹാനിയയെ വാര്‍ത്താസമ്മേളനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതി പറയാനെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും 60 വയസുള്ള വൃദ്ധനെ മുഖത്തടിച്ചുവെന്നുമാണ് എംഎല്‍എക്കെതിരായ പരാതി.
യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം എംഎല്‍എ നിഷേധിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പൊലീസ് അന്വേഷണം നടത്തട്ടെയെന്നും എംഎല്‍എ പ്രതികരിച്ചു.
അതേസമയം എംഎല്‍എയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.പൊലീസ് മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എംഎല്‍എക്കെതിരെ പൊലീസ് ഉന്നയിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.