ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ആം ആദ്മി പാർട്ടി നേതാവുമായി ബോബി കിന്നാറിന് ജയം. കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബോബി സുൽത്താൻപുരി എ വാർഡിൽ നിന്ന് തിളക്കമാർന്ന വിജയം നേടിയത്. ഇത് ആദ്യമായാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നത്. വിജയിച്ചതോടെ കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡർ ആയും ബോബി മാറി. 2017ൽ ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് കുമാർ വിജയിച്ച വാർഡ് പാർട്ടി നിലനിർത്തുകയായിരുന്നെങ്കിലും ബോബിയുടെ വിജയം പാർട്ടിയ്ക്ക് പൊൻതൂവലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബോബി പരാജയപ്പെട്ടിരുന്നു. ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ് ബോബി. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എ.എ.പിയ്ക്ക് വൻവിജയ സാധ്യത പ്രവചിച്ച വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് പുറത്ത് വരുന്ന ഫലം. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി 181 സീറ്റുകൾ നേടിയിരുന്നു. ആം ആദ്മി പാർട്ടി 28 സീറ്റുകളും കോൺഗ്രസ് 30 സീറ്റുകളുമായിരുന്നു അന്ന് നേടിയത്.