മാഫിയ ആക്രമണത്തെ ഭയന്ന് ഒന്നും പ്രതികരിക്കാതെ ദൃക്‌സാക്ഷികള്‍; രജത്തിനെ കൊല്ലുന്നത് കണ്ടുനിന്നു

student

ദില്ലി: മലയാളി വിദ്യാര്‍ത്ഥി രജത്തിനെ കൊന്ന സംഭവത്തില്‍ ദില്ലിയില്‍ നടക്കുന്ന പല അക്രമത്തിന്റെയും ചുരുളഴിയുകയാണ്. മാഫിയ ആക്രമണത്തെ ഭയക്കുകയാണ് ജനങ്ങള്‍. രജത്തിനെ അടിച്ചു കൊല്ലുന്നത് പലരും കണ്ടുനിന്നു. എന്നാല്‍, പ്രതികരിക്കാനോ തടയാനോ അവര്‍ക്കായില്ല. പ്രതികരിക്കാന്‍ തങ്ങള്‍ ഭയക്കുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ ഒരു മാധ്യമത്തോട് പറഞ്ഞത്.

കണ്ട കാര്യം പറഞ്ഞാല്‍ സ്ഥലത്ത് സജീവമായ മാഫിയ ആക്രമണം തങ്ങള്‍ക്ക് നേരെയുണ്ടാകുമെന്ന് ദൃകസാക്ഷികള്‍ വ്യക്തമാക്കി. നാലംഗ സംഘമാണ് കൊല്ലപ്പെട്ട രജത്തിനെ മര്‍ദ്ദിച്ചതെന്നും ദൃക്സാക്ഷികള്‍ രഹസ്യമായി പ്രതികരിച്ചു. രജത്തിനെ മര്‍ദ്ദിച്ച് വലിച്ചിഴച്ച് കൊണ്ടുപോയ വഴിയുടെ സമീപത്തെ കടയിലെ ആളുകളോടാണ് പ്രതികരണം തേടിയത്. എന്നാല്‍ വാര്‍ത്താ ചാനലില്‍ നിന്ന് എന്ന് അറിഞ്ഞതോടെ ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

പ്രതികരിച്ചാല്‍ സ്ഥലത്ത് സജീവമായ മാഫിയ ആക്രമണം തങ്ങള്‍ക്ക് നേരെയാകുമെന്ന് ഇവര്‍ വ്യക്തമാക്കി. രജത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പാര്‍ക്കിന് സമീപത്തെ ദൃക്സാക്ഷിയും കാമറ കണ്ടതോടെ മുറി പൂട്ടി പരക്കം പാഞ്ഞു. കാമറ ഓഫ് ചെയ്യാം എന്നു പറഞ്ഞതോടെ രഹസ്യമായി പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായി. പാന്‍മസാല കടയിലെ ജീവനക്കാര്‍ അടക്കം നാലംഗ സംഘമാണ് മര്‍ദ്ദിച്ചതെന്നു കാമറ ഇല്ലെന്ന ധാരണയില്‍ ദൃക്സാക്ഷി വ്യക്തമാക്കി.

സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരാഞ്ഞപ്പോള്‍ നാളുകളായി കാമറയേ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കടയുടമകളുടെ പ്രതികരണം. ഒരു പാന്‍മസാല കടയുടമയ്ക്കു വേണ്ടി കേസ് വഴിതിരിച്ച് വിടാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ സംശയത്തിന് മറുപടി നല്‍കുന്നതായിരുന്നു സമീപവാസികളുടെ പ്രതികരണം.

Top