ഡല്‍ഹിയില്‍ രണ്ടരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ രണ്ടര വയസുകാരിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പടിഞ്ഞാറന്‍ ദില്ലിയിലെ നംഗ്‌ളോയില്‍ വെള്ളിയാഴ്ച രാത്രി രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച കേസിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായ രണ്ട് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇരുവരും പെണ്‍കുട്ടിയുടെ കുടുംബത്തെ അടുത്തറിയുന്നവരാണെന്നും പൊലീസ് ജോയിന്റ് കമ്മീഷണര്‍ ദേപേന്ദ്ര പഥക് അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. അറസ്റ്റിനു ശേഷം വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയ പ്രതികളെ നാട്ടുകാര്‍ ആക്രമിച്ചു.

നോയ്ഡയില്‍ പീഡനത്തെത്തുടര്‍ന്ന് 17കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. നോയിഡയില്‍ നിരന്തര പീഡനത്തെത്തുടര്‍ന്ന് 17കാരി ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായി കൂടിക്കാഴ്ച നടത്തി. ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും രാംലീല ആഘോഷപരിപാടി പോലെ തിരക്കുള്ള സ്ഥലത്തു നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെങ്കില്‍ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ദില്ലിയിലുള്ളതെന്ന് കെജ്രിവാള്‍ ചോദിച്ചു. ദില്ലിയിലെ അതീവസുരക്ഷാമേഖലകളിലെ ഉദ്യോഗസ്ഥരൊഴിച്ചുളള ദില്ലി പൊലീസ് സേനയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

Top