ഷുഹൈബ് വധം: പ്രതികളെ പുറത്താക്കിയത് സമ്മര്‍ദ്ദം മൂലം; പ്രതികള്‍ക്ക് തുടര്‍ന്നും സംരക്ഷണം നല്‍കുമെന്നും ആരോപണം

ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഐഎം പുറത്താക്കിയ നടപടി കോണ്‍ഗ്രസ് സമരത്തിന്റെ സമ്മര്‍ദ്ദത്താലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അതിനാല്‍ത്തന്നെ ആത്മാര്‍ത്ഥതയില്ലാത്ത നടപടിയാണെന്നും സുധാകരന്‍ ആരോപിച്ചു. പ്രതികള്‍ക്ക് തുടര്‍ന്നും സിപിഐഎം സംരക്ഷണം നല്‍കും.

ഇപ്പോഴത്തെ നടപടി പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനത്തിന്റെ ഫലമായിട്ടാണ്. സമരത്തിന്റെ ഭാഗമായി സമ്മര്‍ദ്ദത്തിലായതിനാലാണ് സിപിഐഎം നടപടിയെടുത്തിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിപിഐഎം ഇന്ന് നടപടി എടുത്തിരുന്നു കേസില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.

ആകാശ് തില്ലങ്കേരി, ടി.കെ അനവര്‍, സി.എസ് ദാപ്ചന്ദ്, കെ അഖില്‍ എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഷുഹൈബ് കേസ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസാമാണ് ഉത്തരവിട്ടിരുന്നത്. കേസ് ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് സിബിഐയും കോടതിയെ അറിയിച്ചു. കേസ് സിബിഐ തിരുവന്തപുരം യൂണിറ്റ് അന്വേഷിക്കും . കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ മാസം 12നാണു കണ്ണൂര്‍ ഇടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ടത് . കേസില്‍ ഇതുവരെ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest
Widgets Magazine