ന്യുഡൽഹി:ദില്ലിയില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുന്നതിന് വേണ്ടി ആം ആദ്മി പാര്‍ട്ടിയെ സഹായിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദില്ലിയില്‍ കോണ്‍ഗ്രസ് തോല്‍വി ഫലം വരുന്നതിന് മുന്‍പേ സമ്മതിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെടിഎസ് തുളസി, താരിഖ് അന്‍വര്‍ എന്നിവര്‍ പ്രതികരിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ വ്യക്തി പ്രഭാവം മറികടക്കാന്‍ മാത്രം കരുത്തുളള ഒരു നേതാവ് ദില്ലിയില്‍ കോണ്‍ഗ്രസിനില്ല. ഉളള നേതാക്കള്‍ക്ക് തമ്മിലടി കഴിഞ്ഞിട്ട് നേരവും ഇല്ല. ഇക്കുറി ദില്ലി തിരഞ്ഞെടുപ്പിനോട് തണുപ്പന്‍ മട്ടിലാണ് കോണ്‍ഗ്രസ് പ്രതികരിച്ചത് തന്നെ. പ്രചാരണ രംഗത്ത് ചൂടും ചൂരും ഇല്ലായിരുന്നു. ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ത്യാഗം ചെയ്തതാണ് എന്നാണ് നേതാക്കള്‍ സമ്മതിക്കുന്നത്.
അരവിന്ദ് കെജ്രിവാള്‍ മൂന്നാം വട്ടവും ദില്ലിയുടെ മുഖ്യമന്ത്രിയാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ദില്ലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് സജീവമാകാത്തതിനുളള കാരണം വോട്ടുകള്‍ ഭിന്നിച്ച് ആം ആദ്മി പാര്‍ട്ടി തോല്‍ക്കുകയും ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്ന് പറയുന്നു..
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് ശതമാനം പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 62.59 ശതമാനമാണ് ഡല്‍ഹിയിലെ പോളിങ്. ഇത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം കൂടുതലാണ്. ബല്ലിമാരാൺ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് (71 ശതമാനം). ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഡൽഹി കന്റോണ്‍മെന്റ് മണ്ഡലത്തിലാണ്, 45.4 % ശതമാനമാണ് ഇവിടെ.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം പുറത്തുവിടാത്തത് വിവാദമായിരുന്നു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. സാധാരണ പോളിങ് കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോളിങ് ശതമാനം പുറത്തുവിടാറുണ്ട്. വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിങ് ശതമാനം പുറത്തുവിടുകയായിരുന്നു.
അതേസമയം ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രതികരിച്ചു. വോട്ടിങ‍്‍യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റാൻ വൈകിയതിനാൽ പോളിങ് ശതമാനം കണക്ക് കൂട്ടാന്‍ വൈകിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
ഇന്നലെയായിരുന്നു ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചിരുന്നത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെടുകയും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്.