ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേരുടെ കൂട്ടമരണത്തില്‍ പോലിസിനെ ഞെട്ടിച്ച് വീട്ടില്‍ നിന്നും ലഭിച്ച ഡയറിക്കുറിപ്പുകള്‍. കൂട്ടമരണം മോക്ഷപ്രാപ്തിക്ക് വേണ്ടിയാണെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകള്‍ പോലീസ് കണ്ടെത്തി. മരണത്തിലൂടെ നേരിട്ട് ദൈവത്തിന്റെ അടുത്തേക്ക് എത്തുകയായിരുന്നു കുടുംബത്തിന്റെ ലക്ഷ്യം. വീടിനുള്ളില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട്. അതിനുള്ളിലാണ് കൂട്ടമരണത്തിന്റെ ചുരുളഴിച്ച ഡയറിയും നോട്ടുബുക്കും കണ്ടെത്തിയത്.
മരണത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്ന് ഭാട്ടിയ കുടുംബത്തിലെ മുതിര്‍ന്നവര്‍ തുടര്‍ച്ചയായി കുറിപ്പുകളെഴുതി. ചിലതില്‍ തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിന് ഏഴ് ദിവസം മുന്‍പ് തുടങ്ങി തയ്യാറെടുപ്പുകള്‍. എല്ലാദിവസവും ആല്‍മരത്തെ പ്രദക്ഷിണം ചെയ്തു. വ്യാഴാഴ്ചയോ ഞായറാഴ്ചയോ വേണം മരണം വരിക്കാനെന്ന് ഡയറിയിലുണ്ട്. അര്‍ധരാത്രി പന്ത്രണ്ടിനും ഒന്നിനുമിടയില്‍ കര്‍മം നടത്തണമെന്നും പറയുന്നു. 2017 നവംബറിലാണ് ആദ്യ കുറിപ്പ് എഴുതിയിരിക്കുന്നത്. സംഭവത്തിന് രണ്ട് ദിവസം മുന്‍പാണ് അവസാന കുറിപ്പ്.
11 പേരുള്‍പ്പെടുന്ന സംഘം ഈ ആചാരങ്ങള്‍ പാലിച്ചാല്‍ പ്രശ്‌നങ്ങള്‍ എല്ലാം ഇല്ലാതാകുമെന്നും എല്ലാവര്‍ക്കും മോക്ഷം കിട്ടുമെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ ദുർമന്ത്രവാദിയെയും അനുയായിയെയും പൊലീസ് ചോദ്യം ചെയ്തു. മരണത്തിനു മുൻപ് ചില പൂജകൾ നടന്നതിന്റെ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് കുടുംബവുമായി അടുപ്പമുണ്ടെന്നു കുരുതുന്ന ഇവരെ കസ്റ്റഡിയിലെടുത്തത്. ബുറാഡിയിലെ സന്ത് നഗറിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് 11 അംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാരായണി ഭാട്ടിയ (75), ആൺമക്കളായ ലളിത് ഭാട്ടിയ( 42), ഭൂപി (46), മകൾ പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), നീതു (24), മീനു (22), ധീരു (12), ശിവം (15) എന്നിവരാണു മരിച്ചത്. ഇവരിൽ പത്തു പേരെ ഇരുമ്പുഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലും നാരായണിയെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്.
മോക്ഷം കിട്ടാനായി കുടുംബം ആത്മഹത്യയ്ക്കു തീരുമാനമെടുത്തിരിക്കാമെന്നും ഇതിനു പിന്നിൽ ലളിത് ഭാട്ടിയയുടെ സ്വാധീനമാവാമെന്നുമാണ് സംശയം. തലേന്നു കഴിച്ച ഭക്ഷണത്തിൽ ഉറക്ക മരുന്നു കലർത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. കണ്ടെടുത്ത കുറിപ്പുകളിൽ എങ്ങനെ മരിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളുണ്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോൺ കോളുകളുടെ പരിശോധന നടന്നുവരികയാണ്. ദിനേശ്, സുജാത എന്നീ രണ്ടു മക്കൾ കൂടി നാരായണിക്കുണ്ട്. കുടുംബം ആത്മഹത്യ ചെയ്യില്ലെന്നും കൂട്ടമരണം കൊലപാതകമാണെന്നും സുജാത ആരോപിച്ചു.