ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെയാണ് പോക്‌സോ കേസടക്കം വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. അച്ഛന്‍ മരിച്ചശേഷം ഉദ്യോഗസ്ഥന്റെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായതും ഗര്‍ഭിണിയായതും.
സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 2020നും 2021നും ഇടയിലാണ് ഇയാള്‍ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് എതിരെ ക്രിമിനല്‍ ഗൂഡാലോചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. 2020ല്‍ പന്ത്രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കുന്നത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിന് പിന്നാലെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത് ഉദ്യോഗസ്ഥന്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. മാസങ്ങള്‍ക്ക് പിന്നാലെ ഇയാള്‍ കുട്ടിക്കെതിരായ അതിക്രമം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥന്റെ ഭാര്യ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് എന്ന നിലയിലാണ് കുട്ടിയെ ഉദ്യോഗസ്ഥന്റെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം. നോര്‍ത്ത് ദില്ലിയില്‍ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഉദ്യോഗസ്ഥന്‍ താമസിച്ചിരുന്നത്. ഗര്‍ഭമലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ സുഖമില്ലാതെ വന്ന കുട്ടിയെ അമ്മയെ വിളിച്ച് വരുത്തി ഒപ്പം വിടുകയായിരുന്നു ഉദ്യോഗസ്ഥനും കുടുംബവും ചെയ്തത്. മകളെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി വിശദമായത്.