
ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സില്‍ യുവതി പ്രസവിച്ചു. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് പിറന്ന് വീണത് ഭര്‍ത്താവിന്റെ കൈകളിലേക്ക്. എരുമേലി മേലേക്കുറ്റില്‍ റോയിയുടെ ഭാര്യ രാജി(25) യാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മണര്‍കാടെത്തിയപ്പോള്‍ ആംബുലന്‍സില്‍ പ്രസവിച്ചത്. റാന്നി താലൂക്കാശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാമ്പാടിയിലെത്തിയപ്പോള്‍ രാജിയുടെ അമ്മയും ഒപ്പം കയറി. മണര്‍കാടെത്തിയപ്പോഴേക്കും യുവതിക്ക് വേദന കലശലായി. തുടര്‍ന്ന് ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തി. മിനി വാനായതിനാല്‍ ആംബുലന്‍സില്‍ സൗകര്യം തീരെ കുറവായിരുന്നു. കുട്ടിയെ ആദ്യം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഇരുവരെയും പരിശോധിച്ചു.