സംസ്ഥാനം പനിച്ച് വിറയ്ക്കുന്നു; പടരുന്നത് വിവിധ തരം പനികള്‍; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍: സംസ്ഥാനം പനിച്ചൂടിന്റെ പിടിയില്‍. വിവിധ തരം പനികള്‍ സംസ്ഥാനത്താകെ പടര്‍ന്ന് പിടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് നാലു മരണം കൂടി സ്ഥിരീകരിച്ചു. ഇന്നലെ പനിബാധിതരായി ആശുപത്രികളിലെത്തിയത് 9,130 പേര്‍. ഇതില്‍ 107 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 225 പേര്‍ നിരീക്ഷണത്തിലാണ്.

കൊല്ലം ജില്ലയില്‍ എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി ബി.സുരേഷ്‌കുമാറാണ് 17നു മരിച്ചത്. ഇതോടെ എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. മലപ്പുറം ജില്ലയിലെ രണ്ടു മരണങ്ങള്‍ ഡെങ്കിപ്പനി മൂലമാണെന്നും സംശയിക്കുന്നു. മലപ്പുറത്തു നിന്ന് ഒരു ഡിഫ്തീരിയ കേസും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കി. മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. വീടുകള്‍ തോറും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ജില്ലയില്‍ 71 പേര്‍ക്കു കൂടി ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളില്‍ പനി വാര്‍ഡുകളും തുറന്നു.
പകര്‍ച്ചപ്പനി ബാധിച്ച് 532 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കോട്ടയം ജില്ലയില്‍ ഇന്നലെ മാത്രം 317 പേര്‍ ചികില്‍സ തേടി. ഈ മാസം ഇതുവരെ 16 പേര്‍ക്കു ഡെങ്കിപ്പനി ബാധിച്ചു. 120 ഇതര സംസ്ഥാന തൊഴിലാളികളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 24 പേര്‍ക്കാണ് ഇതുവരെ എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 15 കുട്ടികളെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി ജില്ലയില്‍ ഈ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 4333 ആണ്. ഇതില്‍ ഒന്‍പതു പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 82 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; 93 പേരില്‍ എച്ച്1എന്‍1 ബാധയും. എലിപ്പനി ബാധിച്ച് 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പായിപ്ര, അങ്കമാലി, പെരുമ്പാവൂര്‍ മേഖലകളിലും മലയോര പ്രദേശങ്ങളിലുമാണ് ഇത്തവണ പനി പടര്‍ന്നിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ ഏപ്രിലിനുശേഷം ഇതുവരെ 108 പേര്‍ക്ക് ഡെങ്കിപ്പനി വന്നതായാണ് കണക്ക്. ഒല്ലൂരിലെ പടവരാട് മേഖലയിലാണിത്.

പാലക്കാട് ജില്ലയില്‍ ഈ മാസം 109 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രതിദിനം 40-50 പേരാണ് ഡെങ്കി രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നത്. മലപ്പുറം ജില്ലയില്‍ 146 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. 12 പേര്‍ക്ക് സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ 56 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 13 പേര്‍ക്ക് എച്ച്1എന്‍1. മട്ടന്നൂര്‍ പഞ്ചായത്തിലാണ് പ്രധാനമായും ഡെങ്കി പടര്‍ന്നത്. കാസര്‍കോട് ജില്ലയില്‍ രണ്ടു മാസത്തിനിടെ മൂന്നുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Top