ഐഎസിന്റെ ഭീഷണി മുഴക്കുന്നതിപ്പോള്‍ ഗായകരും എംബിഎ വിദ്യാര്‍ത്ഥികളും

dhaka-attack

ധാക്ക: ഐഎസ് തീവ്രവാദികളുടെ വീഡിയോയില്‍ ഇപ്പോള്‍ ഗായകരും എംബിഎ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരുമാണ് എത്തുന്നത്. ഇവര്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇവരെല്ലാം ഐഎസിന്റെ പിടിലാണിപ്പോള്‍.

ബംഗ്ലാദേശ് സൈന്യത്തിലെ മേജര്‍ വാഷികുര്‍ ആസാദിന്റെ മകനും ദന്തല്‍ ഡോക്ടറുമായ തുഷാര്‍, എംബിഎ വിദ്യാര്‍ഥി തൗസിഫ് ഹുസൈന്‍, ഗായകന്‍ തഹ്മിദ് റഹ്മാന്‍ ഷാഫി എന്നിവരെ തിരിച്ചറിഞ്ഞു. ധാക്കയിലെ റസ്റ്ററന്റില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധാക്കയില്‍ ദന്തല്‍ ഡോക്ടറായിരുന്ന തുഷാറിനെ രണ്ടുവര്‍ഷമായി കാണാനില്ലായിരുന്നു. അഡാംജി കന്റോണ്‍മെന്റ് പബ്ലിക് സ്‌കൂളില്‍നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസവും രജുക് ഉട്രറ മോഡല്‍ കോളജില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും തുഷാര്‍ പൂര്‍ത്തിയാക്കി. 2011ല്‍ ബംഗ്ലദേശ് മോഡലായ നൈല നയേമിനെ വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

തുഷാറിനൊപ്പം വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന അറബിക് വസ്ത്രം ധരിച്ചയാള്‍ ധാക്ക സര്‍വകലാശാലയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പഠിച്ചിരുന്ന തൗസിഫ് ഹുസൈനാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് ഇയാള്‍ സര്‍വകലാശാലയില്‍നിന്ന് പോയിരുന്നു. ബംഗ്ലദേശിലെ നിരോധിത ഭീകരസംഘടനയായ ജമാത്ത് ഉല്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഹുസൈന്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ കുടുംബം ഓസ്ട്രിയയ്ക്ക് കുടിയേറിയവരാണ്.

വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന മൂന്നാമന്‍ തഹ്മിദ് റഹ്മാന്‍ ഷാഫി, എന്‍ടിവിയിലെ റിയാലിറ്റി മ്യൂസിക് ഷോ ഫൈനലിസ്റ്റായിരുന്നു. മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഷാഫിയുര്‍ റഹ്മാന്റെ മകനാണ് തഹ്മിദ്. ഐഎസില്‍ ചേരുന്നതിനെക്കുറിച്ച് ഇയാള്‍ ഒരിക്കല്‍ പിതാവിനോട് ചോദിച്ചിരുന്നുവെങ്കിലും അനുവാദം ലഭിച്ചില്ല. പിന്നീട് ഭാര്യയ്‌ക്കൊപ്പം സിറിയയിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം.

ധാക്കയിലേതിനു സമാനമായ ആക്രമണം ലോകം മുഴുവനും വ്യാപിപ്പിക്കുമെന്ന ഭീഷണിയുയര്‍ത്തുന്ന വിഡിയോയാണ് ഐഎസ് പുറത്തുവിട്ടിരുന്നത്. ധാക്കയിലെ റസ്റ്ററന്റിലുണ്ടായ ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്.

Top