ന്യുഡൽഹി:വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും രാജി വെച്ചേക്കുമെന്ന സൂചനയുണ്ട്. വെെകീട്ട് മൂന്നരക്ക് മാധ്യമങ്ങളെ കാണുമെന്ന് ഫഡ്നാവിസ് അറിയിച്ചിട്ടുണ്ട്.അജിത് പവാര്‍ ഫഡ്നാവിസിന് രാജിക്കത്ത് കെെമാറുകയായിരുന്നു.
അതേസമയം അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ പുതിയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. അജിത് പവാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും രാജിക്കൊരുങ്ങുകയാണെന്നാണ് സൂചന.മഹാരാഷ്ട്രയില്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് മുമ്പാകെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു.
സുപ്രീംകോടതി വിധിക്ക് ശേഷം എന്താണ് മഹാരാഷ്ട്രയില്‍ ചെയ്യേണ്ടതെന്ന കാര്യമാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. നാളെ ഫഡ്‌നാവിസിന് ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്ന ആശങ്ക ഇവര്‍ക്കുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട ബി.ജെ.പിയെ തള്ളിയ കോടതി, കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് നാളെ തന്നെ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയാണുണ്ടായത്.ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി നാളെ അഞ്ച് മണിക്ക് മുമ്പ് സത്യപ്രതിജ്ഞ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു .
അതേസമയം ഒടുവില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ ശരദ് പവാര്‍ തന്നെ നേരിട്ട് അജിത് പവാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇതോടെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ തയ്യാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയില്‍ ശരദ് പവാറിന് ശേഷം രണ്ടാമനായി കണക്കാക്കപ്പെടുന്ന അജിത് പവാറിനൊപ്പം നില്‍ക്കാന്‍ എംഎല്‍എമാര്‍ തയ്യാറാവാതിരുന്നതാണ് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. താനാണ് എന്‍സിപി എന്നാണ് അജിത് പവാര്‍ കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെ സുപ്രീം കോടതിയില്‍ പറഞ്ഞത്. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് അജിത് പവാര്‍ തന്നെയാണ് എന്നും വിശ്വാസ വോട്ടെടുപ്പില്‍ അദ്ദേഹം എന്‍സിപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് ബിജെപിയും വ്യക്തമാക്കി.
എന്നാല്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയതിന് പിന്നാലെ അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെ ആ സ്ഥാനത്ത് നിയോഗിക്കുകയും ചെയ്തു. എന്‍സിപിയുടേയും ശിവസേനയുടേയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല.അജിത് പവാറിനെ തിരികെ എത്തിക്കാന്‍ പവാര്‍ കുടുംബവും എന്‍സിപി നേതൃത്വവും വന്‍ ചരട് വലികള്‍ നടത്തിയിരുന്നു. ചഗന്‍ ഭുജ്പലും ജയന്ത് പാട്ടീലും അടക്കമുളള എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ നിരന്തരം അജിത് പവാറുമായി ചര്‍ച്ചകള്‍ നടത്തി. പവാര്‍ കുടുംബത്തിലെ അംഗങ്ങളും എന്‍സിപിയിലേക്ക് തിരികെ വരാന്‍ അജിത് പവാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.
ജലസേചന അഴിമതി അടക്കമുളള കേസുകളെ മുന്നില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് അജിത് പവാറിനെ രായ്ക്ക് രാമായനം ബിജെപി മറുകണ്ടം ചാടിച്ചത് എന്നാണ് ശിവസേന അടക്കം ആരോപിച്ചത്. അജിത് പവാറിനൊപ്പം എന്‍സിപിയുടെ മുഴുവന്‍ എംഎല്‍എമാരും ഉണ്ടെന്ന് ബിജെപി അന്ന് അവകാശപ്പെട്ടിരുന്നു.