പതിനായിരക്കണക്കിന് രൂപ തന്റെ വണ്ടിക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ ചെലവാക്കിയ ബിഷപ്പിനെതിരായ പ്രതിഷേധവുമായി വിശ്വാസി. വിശ്വാസിയുടെ ക്രിയാത്മക പ്രതിഷേധം സ്‌തോത്രക്കാഴ്ച നല്‍കുന്നതില്‍.
പ്രത്യേക പ്രാര്‍ഥനാ ചടങ്ങായ നവവല്‍സര സ്‌തോത്രക്കാഴ്ചയ്ക്ക് പണം നല്‍കാനുള്ള രസീതില്‍ ‘ബിഷപ്പിന്റെ വണ്ടി നമ്പരിന് കാശില്ല’ എന്ന് എഴുതി നല്‍കിയാണ് വിശ്വാസിയായ സന്തു ജോണ്‍ നായകം തന്റെ പ്രതിഷേധം അറിയിച്ചത്.
പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നാമത്തെ ഞായറാഴ്ച സ്തോത്രക്കാഴ്ച സമയത്ത് സമര്‍പ്പിക്കേണ്ട രസീതിലാണ് സന്തു ജോണ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കാശില്ല, ബിഷപ്പിന്റെ വണ്ടി നമ്പരിന് കാശില്ല- ക്ഷമിക്കണം- എന്നു വ്യക്തമായി എഴുതിയിട്ടുണ്ട് ഇദ്ദേഹം. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) വട്ടവിള ജില്ലാ കൗണ്‍സില്‍ മെംബര്‍ കൂടിയാണ് സന്തു ജോണ്‍. 27 ലക്ഷത്തിന്റെ ആഡംബര കാറിന്റെ ഫാന്‍സി നമ്പരിനായി 75,500 രൂപ മുടക്കിയ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെതിരേയാണ് തന്റെ പ്രതിഷേധമെന്ന് സന്തു ജോണ്‍ നാരദാ ന്യൂസിനോട് പറഞ്ഞു.
സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായ ധര്‍മരാജ് രസാലം മുക്കാല്‍ ലക്ഷത്തോളം രൂപ മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത് ഡിസംബറില്‍ വാര്‍ത്തയായിരുന്നു. 27 ലക്ഷം രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറിന് കെഎല്‍ 1 സിഡി 999 എന്ന ഫാന്‍സി നമ്പര്‍ ലഭിക്കാനാണ് ബിഷപ്പ് ഇത്രയും തുക ചെലവാക്കിയത്. സഭയുടെ പണം ഉപയോഗിച്ച് ഇത്തരം ധൂര്‍ത്ത് നടത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് സന്തു ജോണ്‍ പറഞ്ഞു.
താന്‍ പ്രതിഷേധിച്ച രീതി ഫേസ്ബുക്കില്‍ പങ്കുവെച്ച സന്തു ജോണ്‍, വിശ്വാസികള്‍ ഇത് ഏറ്റെടുക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ഇപ്പോഴത്തെ സഭകളുടെ അടിത്തറ ക്രിസ്തു എന്ന വിശ്വാസമല്ല, ഭൗതിക സമ്പത്തും ആ സമ്പത്തിന്റെ പുറത്തുള്ള അധികാരമോഹവുമാണെന്ന് തുടങ്ങുന്ന പോസ്റ്റില്‍ കുറച്ചു വൈദികര്‍ കൂടിയിരുന്ന് സഭാ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മാറേണ്ട സമയമായെന്നും സന്തു പറയുന്നു.