തിരുവനന്തപുരം: സസ്‌പെന്‍ഷനിലായി പുറത്തുപോയ ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനം. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി പുതിയ നിയമനം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.
ഇത്രയും മുതിർന്ന ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്‌പെൻഷനിൽ നിറുത്താനാവില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടർന്നാണു തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് ശുപാർശ നൽകിയത്. ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും സർക്കാർ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്ന് ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സർക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണു തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
അതേസമയം, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ കേഡർ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു ജേക്കബ് തോമസിന്റെ ആവശ്യം. സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് മേധാവി എന്നിവരുടേതാണ് നിലവിലെ കേഡർ തസ്തികകൾ. എന്നാൽ, നിലവിലുള്ള വിജിലൻസ് അന്വേഷണങ്ങളുടെയും കേസുകളുടെയും പേരിൽ സുപ്രധാന തസ്തികയിൽ ജേക്കബ് തോമസിനെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാരിന്റെ വാദം.
എന്നാൽ, പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ ഷൊർണ്ണൂരിലെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി.യായി ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്.