കൊച്ചി :രാവിലെ മുതൽ രഹസ്യമായി ആലുവ പോലിസ് ക്ലബിൽ ദിലിപിനെ ചോദ്യം ചെയ്തു വരികയായിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയിപ്പെടാതെ വിവരം അതി വ രഹസ്യമായി സൂക്ഷിക്കാനും പോലിസുകാർക്ക് നിർദേശമുണ്ടായിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യാനെത്തി. അറസ്റ്റ് ചെയ്യുകയാണെന്ന് ദിലീപിനെ അറിയിച്ചു. നിരപരാധിയാണെന്ന് പറഞ്ഞിട്ടും പോലിസ് തെളിവുകൾ നിരത്തി ദിലിപിനെ വിശ്വസിപ്പിച്ചു. അധികം വലിച്ചിഴക്കാതെ നടപടികൾ പൂർത്തിയാക്കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിച്ചാണ് പോലിസ് അറസ്റ്റ് രാത്രിയിലേക്ക് മാറ്റിയത്. രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ കൊണ്ടുപോകാതെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കാനാണ് പോലിസ് ശ്രമം. രാത്രി തന്നെ ദിലീപിനെ ജയിലിലേക്ക് മാറ്റിയാൽ അധികം നാണം കെടാതെ പ്രശ്നം ഒതുക്കാമെന്നാണ് ധാരണ.
അതേസമയം അറസ്റ്റു ചെയ്ത ദിലിപിനെ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ ശേഷം പൾസർ സുനി തടവിൽ കഴിയുന്ന കാക്കനാട് സബ് ജയിലിലേക്ക് മാറ്റും. സുനി തടവിൽ കഴിയുന്ന സെല്ലിലായിരിക്കില്ല ദിലിപിനെ പാർപ്പിക്കുകയെന്നാണ് സൂചന. എങ്കിൽ ജയിലിൽ ഇരുവരും കണ്ടുമുട്ടും. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും തെളിവുകളുടെ പശ്ചാത്തലത്തിലുമാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫോൺ വിളികളുടെ രേഖകകളാണ് പോലീസ് പ്രധാന തെളിവായി ശേഖരിച്ചിരിക്കുന്നത്. പൾസർ സുനിയുമായി അടുത്ത ബന്ധം ദിലിപ് പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സിനിമാ മേഖലയിലെ കൂടുതൽ ആളുകളുടെ പങ്കാളിത്തവും പോലിസ് അന്വേഷിക്കുന്നുണ്ട്. നടിയുടെ കുടുംബം ഇതു വരെ അറസ്റ്റിനോട് പ്രതികരിച്ചിട്ടില്ല.