കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. നേരത്തെ ദൃശ്യങ്ങള്‍ കാണണമെന്ന ആവശ്യവുമായി ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. സുപ്രധാനമായ പല മൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ലെന്നും. പോലീസിന്റെ നടപടി ബോധ പൂര്‍വമാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്.
കുറ്റപത്രവും അനുബന്ധ രേഖകളും രണ്ടാഴ്ച മുമ്പ് കോടതി ദിലീപിന് നല്‍കിയിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ നല്‍കിയിരുന്നില്ല.
ഇതേ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണണമെന്ന ആവശ്യവുമായി ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപന്റെ സാന്നിധ്യത്തില്‍ അഭിഭാഷകര്‍ക്ക് ഇത് പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നു.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കോടതിയെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ നീക്കം. സുപ്രധാനമായ ചില മൊഴികളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഇവര്‍ ആവശ്യപ്പെടും.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള സാക്ഷിമൊഴികളാണ് സിനിമാ മേഖലയില്‍ നിന്നുണ്ടായത്.
സംയുക്താ വര്‍മ്മയേയും കുഞ്ചാക്കോ ബോബനേയും സാക്ഷിയാക്കിയത് മഞ്ജു വാര്യരുടെ ഇടപെടലാണെന്നാണ് ദിലീപിന്റെ പക്ഷം. കഴിഞ്ഞ ദിവസം കോടതിയിലെത്തി രേഖകള്‍ പരിശോധിക്കുകയും കുറ്റപത്രം ഏറ്റുവാങ്ങുകയും ചെയ്ത ദിലീപ് ഞെട്ടിയത് സഹപ്രവര്‍ത്തരുടെ മൊഴിയിലാണ്. കാവ്യയും താനുമായുള്ള പ്രശ്നങ്ങളാണ് നടി ആക്രമിക്കപ്പെടാന്‍ കാരണമെന്ന് തെളിയിക്കുന്ന മൊഴികളാണ് ഇവ. വിവിഐപി സാക്ഷികളുടെ പേരുവിവരം പുറത്തുവന്നതോടെ നടിയെ ആക്രമിക്കപ്പെട്ട കേസിലെ വിചാരണയും തീപാറും.
അതിനിടെ കേസില്‍ അച്ഛനു വേണ്ടി സാക്ഷി പറയാന്‍ തയ്യാറാണെന്ന നിലപാടിലാണ് മകള്‍ മീനാക്ഷി. അച്ഛനും അമ്മയും പിണങ്ങാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള തര്‍ക്കമല്ലെന്ന് സാക്ഷി പറയാനാണ് മീനാക്ഷി തയ്യാറാകുന്നത്. ശ്രീകുമാര്‍ മേനോനാണ് മഞ്ജുവിനേയും ദിലീപിനേയും പിരിച്ചതെന്നാണ് പൊലീസിന് കാവ്യ നല്‍കിയിരിക്കുന്ന മൊഴി. ഇതിന് സമാനമായിട്ടാകും മീനാക്ഷിയും കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നത്. എന്നാല്‍ താന്‍ അഴിക്കുള്ളിലായാലും മകളെ കോടതിയില്‍ ഹാജരാക്കില്ലെന്ന നിലപാടിലാണ് ദിലീപ്. മകളെ കൊണ്ട് സാക്ഷി പറയിച്ച് തനിക്ക് രക്ഷപ്പെടേണ്ടെന്നാണ് ദിലീപ് അടുപ്പക്കാരോട് പറയുന്നത്. ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് ദിലീപ് അടുപ്പക്കാരോട് പറഞ്ഞു കഴിഞ്ഞു.
കാവ്യയും ദിലിപും തമ്മിലുള്ള ബന്ധം തന്നെ അറിയിച്ചത് അക്രമത്തിനിരയായ നടിയാണന്നാണ് മഞ്ജുവാര്യരുടെ മൊഴി. ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ നടി കഥയില്ലാതെ പറയുന്നതായാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് നടിയോട് വഴക്കിട്ടു. നടിയോട് ദിലീപിന് ദേഷ്യമുള്ളതായി സംയുക്താവര്‍മ മൊഴി നല്‍കി. കാവ്യയുമായുള്ള ബന്ധം തുറന്നു പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. പിന്നീട് നടിക്ക് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. വിവാഹ മോചനത്തിന് ശേഷം മഞ്ജുവിന്റെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പിന്മാറാന്‍ ദിലീപ് തന്നെ പ്രേരിപ്പിച്ചതായി കുഞ്ചാക്കോ ബോബനും മൊഴി നല്‍കി. സ്വമേധയാ നിഷേധിക്കണമെന്നായിരുന്നു ആവശ്യം പിന്നീട് കസിന്‍സ് എന്ന സിനിമയില്‍ തന്നെ പുറത്താക്കാന്‍ ശ്രമിച്ചു.
അമേരിക്കന്‍ പര്യടനത്തിന്റെ അവസാന ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ കാവ്യയുമായി ദിലീപ് ഏറെ നേരെ സംസാരിച്ചതിന് താന്‍ സാക്ഷിയാണെന്നാണ് റിമി ടോമി പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. നടി അക്രമിക്കപ്പെട്ട കാര്യം താന്‍ കാവ്യയെ വിളിച്ച് പറഞ്ഞപ്പോള്‍ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും റിമി ടോമിയുടെ മൊഴിയിലുണ്ട്. ഇത് ദിലീപിന് തീര്‍ത്തും തിരിച്ചടിയാണ്. കേസില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് അമ്പതുപേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതെസമയം, കുറ്റപത്രം കൈപ്പറ്റാന്‍ പള്‍സര്‍ സുനിയടക്കം 6 പ്രതികളെ പൊലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കാത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു.