ദിലീപ് ഒന്നാം പ്രതിയാവില്ല? കുറ്റപത്രം അഴിച്ച് പണിയുന്നു!

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കാര്യങ്ങള്‍ പോലീസ് കണക്ക് കൂട്ടിയത് പോലെയല്ല നീങ്ങുന്നത്. അതേസമയം ദിലീപിന് അനുകൂലമായ തരത്തിലേക്ക് വഴിത്തിരിവുകള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്ന തീയ്യതികളിലൊന്നും അത് സംഭവിച്ചിട്ടില്ല. പ്രധാന സാക്ഷി കൂറുമാറിയതും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ദിലീപിന്റെ പരാതിയുമെല്ലാം പോലീസിനെ കുഴക്കിയിരിക്കുന്നു. കേസില്‍ ചില നിര്‍ണായക നീക്കങ്ങള്‍ക്ക് പോലീസ് തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 85 ദിവസം ദിലീപ് ജയിലില്‍ കഴിഞ്ഞപ്പോഴൊന്നും പോലീസിന് കേസിലെ രണ്ടാം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങി നാളിത്ര കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടില്ല. രണ്ടാം കുറ്റപത്രം വീണ്ടും അഴിച്ച് പണിയാന്‍ പോലീസ് ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പ്രതിപ്പട്ടികയില്‍ ദിലീപിനെ ഒന്നാമനാക്കാന്‍ പോലീസ് തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ ദിലീപ് പതിനൊന്നാം പ്രതിസ്ഥാനത്താണ്. പ്രതിപ്പട്ടികയില്‍ ദിലീപിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള പുതിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം അഴിച്ച് പണിയാന്‍ പോലീസ് ഒരുങ്ങുന്നതത്രേ. കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയത്. ഇത് സംബന്ധിച്ച് പോലീസിന് നിയമോപദേശവും ലഭിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എങ്കിലും ഗൂഢാലോചന നടത്തിയത് കൃത്യം ചെയ്യുന്നതിന് തുല്യമാണ് എന്നതായിരുന്നു ഇതിനുള്ള ന്യായം. കാരണം നിലവില്‍ ഒന്നാം പ്രതി സ്ഥാനത്തുള്ള പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തി വൈരാഗ്യമോ മറ്റ ശത്രുതയോ ഇല്ല. ദിലീപിന് വേണ്ടി ചെയ്ത കുറ്റത്തില്‍ നടനും തുല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് ഒന്നാം പ്രതിയാക്കാന്‍ ആലോചിച്ചത്. അതിനിടെയാണ് പ്രധാനസാക്ഷിയുടെ കൂറുമാറ്റം അടക്കം സംഭവിച്ചത്.

ഈ സാഹചര്യത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് കോടതിയില്‍ തിരിച്ചടിയാകുമെന്ന് പോലീസ് ആശങ്കപ്പെടുന്നു. വിചാരണഘട്ടത്തില്‍ പ്രതിഭാഗത്തിന് ഇത് ചോദ്യം ചെയ്യാനാവും. ഈ സാഹചര്യത്തിലാണ് ദിലീപിനെ പ്രതിപ്പട്ടികയില്‍ എവിടെ ചേര്‍ക്കുമെന്നത് സംബന്ധിച്ച് പോലീസ് ആശങ്കയിലായിരിക്കുന്നത്. വിചാരണ സമയത്തുണ്ടായേക്കാവുന്ന തിരിച്ചടി സംബന്ധിച്ച് പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ രണ്ടാം കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയായേക്കില്ല എന്നാണ് അറിയുന്നത്. മറിച്ച് ദിലീപിനെ രണ്ടാം പ്രതിയോ ഏഴാം പ്രതിയോ ആക്കിയാവും പുതിയ കുറ്റപത്രം സമര്‍പ്പിക്കപ്പെടുക എന്നാണ് സൂചന. നടിയെ പീഡിപ്പിച്ച കുറ്റത്തിന് പള്‍സര്‍ സുനി ഒന്നാം പ്രതിയാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഗൂഢാലോചന നടത്തിയ ദിലീപ് രണ്ടാം സ്ഥാനത്താകും. കാരണം നടിയെ തട്ടിക്കൊണ്ട് പോകാന്‍ കൂട്ട് നിന്ന മറ്റ് പ്രതികള്‍ക്ക് സംഭവത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ സുനിയും ദിലീപുമാകും പ്രധാന പ്രതികള്‍. മറ്റൊരു സാധ്യത കുറ്റപത്രത്തില്‍ ദിലീപിനെ ഏഴാം പ്രതിയാക്കുക എന്നതാണ്. ആദ്യ കുറ്റപത്രത്തിലെ പ്രതികളെ അതേപടി നിലനിര്‍ത്തി ദിലീപിനെ ഏഴാം സ്ഥാനത്ത് നിര്‍ത്തുക എന്നതും പോലീസ് ആലോചിക്കുന്നുണ്ടത്രേ. അതേസമയം കുറ്റപത്രത്തിന്റെ കാര്യത്തില്‍ അവ്യക്തത ഇല്ലെന്ന് അന്വേഷണം സംഘം പറയുന്നുണ്ട്. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ കേസിലെ പ്രധാന സാക്ഷി ആയിരുന്നു. ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ ഇയാള്‍ രഹസ്യമൊഴി നല്‍കിയത് താന്‍ സുനിയെ കണ്ടിട്ടില്ല എന്നായിരുന്നു. ഇതോടെ പോലീസിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. കേസുമായി നേരിട്ട് ഒരു ബന്ധവും ഇല്ലെന്നും അതിനാല്‍ സാക്ഷിയാവാന്‍ ഇല്ലെന്നും പോലീസിനെ മഞ്ജു വാര്യര്‍ അറിയിച്ചതും തിരിച്ചടിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ ഏഴാം പ്രതി ചാര്‍ളി തോമസിനെ മാപ്പുസാക്ഷിയാക്കാനുള്ള പോലീസ് നീക്കവും പൊളിഞ്ഞു. കോയമ്പത്തൂരില്‍ സുനിക്ക് ഒളിത്താവളം ഒരുക്കിയത് ചാര്‍ളി ആയിരുന്നു.നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ തന്നത് ദിലീപ് ആണെന്ന് സുനി പറഞ്ഞതായി ചാര്‍ളി രഹസ്യമൊഴി നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് ഇക്കാര്യം പള്‍സര്‍ സുനി തന്നോട് പറഞ്ഞത് എന്നതായിരുന്നു ചാര്‍ളിയുടെ രഹസ്യമൊഴി. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായാണ് ചാര്‍ളി രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം ക്രിമിനല്‍ നടപടി ക്രമത്തിലെ 306ാം വകുപ്പ് പ്രകാരം ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനുള്ള അപേക്ഷ പോലീസ് സമര്‍പ്പിച്ചിരുന്നു.എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് അപേക്ഷ നല്‍കിയത്. രണ്ട് തവണ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ചാര്‍ളി എത്തിയില്ല. അടുത്ത ദിവസം ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചുവെങ്കിലും ചാര്‍ളി എത്തിയില്ല. ഇതോടെ കേസില്‍ ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കാനുള്ള പോലീസിന്റെ അപേക്ഷ കോടതി തള്ളി. ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയ ശേഷമുള്ള ചാര്‍ളിയുടെ ഈ മനംമാറ്റം പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ഇനി അന്വേഷണത്തെ സഹായിക്കുന്ന മൊഴി ചാര്‍ളിയുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് പോലീസ് കരുതുന്നില്ല. പ്രധാനസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നാലെ ഈ നീക്കവും പൊളിഞ്ഞതോടെ അന്വേഷണ സംഘം ആശങ്കയിലാണ്. വിചാരണഘട്ടത്തിലും ചാര്‍ളി കേസിനെ സഹായിക്കുമെന്ന് കരുതാനാവില്ല.

Top