കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ദിലീപ് പോലീസിന് എതിരെയുള്ള ഗുരുതര ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. പോലീസ് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപ് അങ്കമാലി കോടതിയില്‍ പരാതിപ്പെട്ടത്. എന്നാല്‍ കുറ്റപത്രം ചോര്‍ന്നുവെന്നത് പോലീസ് നിഷേധിക്കുന്നു. ഫോട്ടോസ്റ്റാറ്റ് പകര്‍ത്താന്‍ നല്‍കിയപ്പോഴാവാം കുറ്റപത്രം ചോര്‍ന്നതെന്ന വാദം പോലീസിനെ പരിഹാസ്യരാക്കിയിരുന്നു. അതിനിടെ പോലീസ് പുതിയ വാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിച്ചത് യഥാര്‍ത്ഥ കുറ്റപത്രമല്ല എന്നാണ് പോലീസിന്റെ പുതിയ വാദമെന്ന് റിപ്പോര്‍ട്ട്. ചോര്‍ന്നത് കുറ്റപത്രത്തിന്റെ കരട് രൂപം മാത്രമാണത്രേ. യഥാര്‍ത്ഥ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി കരട് കുറ്റപത്രം ഡിജിപി ഓഫീസിലേക്കും മറ്റും അയച്ചിരുന്നതായി പോലീസ് പറയുന്നു. ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമിക പരിശോധനയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ് ഈ കരട് കുറ്റപത്രം. ഇതാണ് ചോര്‍ന്നതെന്ന് പോലീസ് പറയുന്നു. കരട് കുറ്റപത്രം ചോര്‍ന്നത് അന്വേഷണ സംഘത്തില്‍ നിന്നല്ല. മറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണെന്നാണ് സംശയിക്കപ്പെടുന്നത്. ചോര്‍ന്നത് കരട് കുറ്റപത്രമാണ് എന്നതിന് തെളിവുകളും പോലീസ് നിരത്തുന്നുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ കുറ്റപത്രത്തില്‍ ഖണ്ഡിക തിരിച്ചിട്ടില്ല. എന്നാല്‍ കരട് കുറ്റപത്രത്തില്‍ ഖണ്ഡിക തിരിച്ച് നമ്പര്‍ ഇട്ടിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റപത്രം സമഗ്രമാണെന്നും പോലീസ് പറയുന്നു. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിട്ടുണ്ട്. ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കഴിഞ്ഞ ദിവസം കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. നവംബര്‍ 22നാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്.