കൊച്ചി :നടന്‍ ദിലീപിനു ജയിലില്‍ പ്രത്യേക പരിഗണനയില്ല. കവര്‍ച്ച അടക്കമുള്ള കേസുകളില്‍ പ്രതികളായ നാലു പേര്‍ക്കൊപ്പമാണു ദിലീപ് കഴിയുന്നത്. ഇന്നലെ പോലീസ് നല്‍കിയ ഭക്ഷണം നിഷേധിച്ച ദിലീപ് ഇന്നു രാവിലെ ജയിലില്‍ എത്തിയപ്പോള്‍ പ്രഭാതഭക്ഷണത്തിനു നല്‍കിയ ഉപ്പുമാവും പഴവും കഴിച്ചു. സഹതടവുകാരരോടും പോലീസിനോടും ദിലീപ് സഹകരണത്തോടെയാണ് പെരുമാറുന്നതെങ്കിലും നിരാശയിലാണ് താരമെന്നാണ് ജയിലില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം ആലുവയില്‍ ദിലീപിനെതിരേ നാട്ടുകാര്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
പുറത്ത് കൂക്കിവിളിയും പരിഹാസപ്പെരുമഴയും. കയ്യടിച്ച് വരവേറ്റിരുന്ന തന്റെ സ്വന്തം നാട്ടുകാരുടെ മുന്നില്‍ തലകുനിച്ച് താരം നീങ്ങിയപ്പോള്‍ പരിഹാസശരങ്ങളില്‍ തീര്‍ത്ത മുദ്രാവാക്യംവിളികള്‍. പോലീസ് തീര്‍ത്ത കനത്ത സുരക്ഷാവലയത്തിലൂടെ ആദ്യമായി സിനിമാഭിനയത്തിനല്ലാതെ മലയാള സിനിമയിലെ ഒരു പ്രമുഖതാരം ജയിലിനകത്താകുന്ന അപൂര്‍വ നിമിഷത്തിലാണ് ഇന്ന് ആലുവ സാക്ഷിയായത്. ഫെബ്രുവരി 17നു തുടങ്ങിയതാണ് നടിയെ ആക്രമിച്ച കേസിനെച്ചൊല്ലിയുണ്ടായ ഊഹാപോഹങ്ങള്‍. അപൂര്‍വങ്ങളായ ആശങ്കകള്‍ക്കൊടുവില്‍ ഈ കേസിന് ഇന്ന് ഞെട്ടിക്കുന്ന ക്ലൈമാക്സാണ് ഉണ്ടായത്. സംഭവത്തിന്റെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തി ഇന്നലെയാണ് അറസ്റ്റു ചെയ്തത്.
മാരത്തോണ്‍ ചോദ്യംചെയ്യലുകള്‍ക്കൊടുവില്‍ 19 തെളിവുകളുമായി ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിനു മുന്‍പാകെ ഇന്നു പുലര്‍ച്ചെ ഹാജരാക്കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മജിസ്ട്രേറ്റ് ലീന റിയാസ് 14 ദിവസത്തെ റിമാന്റ് ഉത്തരവിട്ടു. പ്രതിഭാഗത്തിനുവേണ്ടി പ്രമുഖ അഭിഭാഷകന്‍ രാംകുമാര്‍ നേരിട്ടു ഹാജരായി. ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നറിയിച്ച കോടതി ദിലീപിനെ ആലുവ സബ്ജയിലിലേക്കയച്ചു.
ഏഴരയോടെ സബ്ജയിലിനു മുന്നിലെത്തിയപ്പോള്‍ ജനം രോക്ഷാകുലരായി. ജയിലിലേക്കുള്ള കോടതി റോഡ് ബന്ധവസാക്കി മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണു പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ദിലീപുമായുള്ള വാഹനം എത്തിയതോടെ തൊട്ടടുത്ത സബ്ജയിലില്‍ ഗ്രൗണ്ട്് വഴി പോലീസിന്റെ കണ്ണുവെട്ടിച്ച് ജനം എത്തുകയായിരുന്നു. പോലീസ് വാഹനത്തില്‍നിന്നും ദിലീപിനെ ഇറക്കിയതോടെ കൂക്കിവിളിയും മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ആലുവാക്കാരാ ദിലീപേ, ധീരതയോടെ കിടന്നോളൂ, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നും ആലുവാക്കാര്‍ക്കിത് നാണക്കേടെന്നുമുള്ള പരിഹാസത്തോടെയുള്ള മുദ്രാവാക്യങ്ങളുയര്‍ന്നു. ദിലീപിനെ ജയിലിനകത്തേക്കു കടത്തി ഗേറ്റ് അടച്ചിട്ടും പിരിഞ്ഞുപോകാതെ ജനം മുദ്രാവാക്യംവിളി തുടര്‍ന്നുകൊണ്ടേയിരുന്നു.