തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനമെടുത്തതായി സൂചന. കേസിന്റെ വിചാരണ എപ്പോള്‍ വേണമെങ്കിലും തുടങ്ങാം. ഇത് സിനിമാ അഭിനയത്തെ പ്രതിസന്ധിയിലാക്കും. അതുകൊണ്ടാണ് ദിലീപ് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപിന്റെ കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം പ്രൊഫ. ഡിങ്കനില്‍ ദിലീപ് ജോയിന്‍ ചെയ്യുമെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഡിങ്കന്റെ ചില ഭാഗങ്ങള്‍ ദുബായിലാണ് ഷൂട്ട് ചെയ്യേണ്ടത്. എന്നാല്‍ വിദേശത്തേക്ക് പോകാന്‍ ദിലീപ് അനുമതിയില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് തത്കാലം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ദിലീപ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്മാര സംഭവം പൂര്‍ത്തിയായി കഴിഞ്ഞു. വിഷുവിന് ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. രാമലീലയ്ക്ക് ശേഷം കമ്മാര സംഭവവും ഹിറ്റാകുമെന്നാണ് വിലയിരുത്തല്‍. തന്റെ സിനിമയിലെ ജനപ്രിയത ഇടിഞ്ഞില്ലെന്ന് ദിലീപിനും അറിയാം. പക്ഷേ കേസില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ല. ദൃശ്യത്തെളിവുമായി അങ്കമാലി കോടതിയില്‍ നടത്തിയ നിയമപോരാട്ടം ഫലം കണ്ടില്ല. ദിലീപിന് എതിരായ വിധിയാണ് ഉണ്ടായത്. ദൃശ്യത്തെളിവില്‍ നടിയുടെ ശബ്ദമുണ്ടെന്ന് പോലും ദിലീപ് ഫാന്‍സുകാര്‍ പ്രചരണം നടത്തി. ദൃശ്യങ്ങള്‍ കാണാതെ കേസ് വാദിക്കാനാകില്ലെന്ന നിലപാട് പോലും പറഞ്ഞു. എന്നാല്‍ നടിയുടെ സുരക്ഷിതത്വം മാനിച്ച് തെളിവ് കൊടുത്തില്ല. ദൃശ്യങ്ങളുടെ ഒര്‍ജിനല്‍ ദുബായിലേക്ക് കടത്തിയെന്നാണ് പൊലീസ് വാദം. ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് ദിലീപ് പോയതുമായി ബന്ധപ്പെട്ടും ഈ വിഷയം പ്രോസിക്യൂഷന്‍ ചര്‍ച്ചയാക്കി. ഈ സാഹചര്യത്തില്‍ ഷൂട്ടിംഗിന്റെ പേരില്‍ ദുബായ് യാത്രയ്ക്ക് കോടതിയെ സമീപിച്ചാല്‍ അംഗീകരിക്കണമെന്നില്ല. അതുകൊണ്ടാണ് പ്രൊഫ ഡിങ്കനുമായി തല്‍കാലം സഹകരിക്കേണ്ടെന്ന് ദിലീപ് തത്വത്തില്‍ നിലപാട് എടുത്തതെന്നാണ് സൂചന.