കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ക്രൈംബ്രാഞ്ചിന് ഫോണ്‍ കൈമാറിയത് വിവരങ്ങളെല്ലാം മായ്ച്ച് കളഞ്ഞതിന് ശേഷം. ഇക്കാര്യം പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വ്യക്തമാക്കി. അതേസമയം ഡിലീറ്റ് ചെയ്ത ചില നിര്‍ണായക വിവരങ്ങള്‍ വീണ്ടെടുക്കാനായിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. മറ്റുവിവരങ്ങള്‍ വീണ്ടെടുക്കാന്‍ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ കക്ഷിചേര്‍ന്ന നടിയുടെ വാദം പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് ഹര്‍ജി വ്യാഴാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.
ശബ്ദസാംപിള്‍ എടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടും പ്രതികള്‍ ഹാജരാകുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. അന്വേഷണം അന്തിമഘട്ടത്തിലാണ്. അന്വേഷണം പൂര്‍ത്തിയാക്കുന്നകാര്യത്തില്‍ കോടതിക്ക് സമയപരിധി നിശ്ചയിക്കാം.
അതേസമയം ഹീനമായ ആക്രമണമാണ് നടന്നതെന്നും അതിനുപിന്നില്‍ ആരായിരുന്നെന്ന് കണ്ടെത്തണമെന്നും ആക്രമിക്കപ്പെട്ട നടിക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ കോടതിയില്‍ വാദിച്ചു. സത്യം കണ്ടെത്താനാണ് കോടതിയുടെ അനുമതിയോടെ തുടരന്വേഷണം നടക്കുന്നത്. ദിലീപ് പ്രതിയാണോ അല്ലയോ എന്നത് അന്വേഷണത്തിലൂടെയല്ലേ കണ്ടെത്തേണ്ടതെന്നും നടി ചോദിച്ചു.
ഇതിനിടെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ ആദ്യം രണ്ടുമാസവും പിന്നീട് ആറുമാസവും ഇപ്പോള്‍ വീണ്ടും രണ്ടുമാസവും അന്വേഷണം നടത്തി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണം മാര്‍ച്ച് ഒന്നോടെ പൂര്‍ത്തിയാക്കാനാകില്ലേ എന്നും കോടതി ചോദിച്ചു.
ഒരാളുടെ വെളിപ്പെടുത്തലിന്റെ മാത്രം കാര്യമല്ലേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, പല കാര്യങ്ങളും ക്രൈംബ്രാഞ്ചിന്റെ മാത്രം നിയന്ത്രണത്തിലല്ലെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി