കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനക്കേസില്‍ ഹാജരാക്കണമെന്ന് പറഞ്ഞ ഫോണുകള്‍ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കി. ആറ് ഫോണുകളാണ് ഹൈക്കോടതിയില്‍ എത്തിച്ചത്. എന്നാല്‍ ക്രൈംബ്രാഞ്ച് നിര്‍ണായകമെന്ന് പറഞ്ഞ ഒരു ഫോണ്‍ നല്‍കില്ല.
ഇന്ന് ഉച്ചയ്ക്കാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ദിലീപ് ഫോണ്‍ നല്‍കാത്തത് അടക്കം ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ചര്‍ച്ചയാവും. അദ്ദേഹത്തെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന ആവശ്യം തന്നെയാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുക.
രാവിലെ പത്തേകാലിന് മുമ്പായി ആറ് മൊബൈല്‍ ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനാണ് ദിലീപിനോടും കൂട്ടുപ്രതികളോടും നിര്‍ദേശിച്ചിരുന്നത്. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍ അനിയന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.
നേരത്തെ ദിലീപ് തന്നെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഫോണ്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി ദിലീപിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദിലീപ് സ്വന്തം നിലയില്‍ കാര്യങ്ങള്‍ നടത്തേണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയില്‍ വിശ്വാസമില്ലേ എന്നും ചോദിച്ചിരുന്നു.
ദിലീപ് സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കാണ് ഫോണ്‍ അയച്ചത്. ഇന്നലെ രാത്രിയാണ് ഈ ഫോണ്‍ കൊച്ചിയില്‍ തിരിച്ചെത്തിച്ചത്. മൊബൈല്‍ ഫോണ്‍ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.