ദിലീപ് ആത്മവിശ്വാസത്തിൽ: ജാമ്യമെടുക്കാൻ സുപ്രീം കോടതിയിൽ നിന്നും വക്കീലെത്തും

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനു വേണ്ടിയിൽ ഹൈക്കോടതിയിൽ ജാമ്യമെടുക്കാൻ സുപ്രീം കോടതി വക്കീലെത്തും. നടൻ ദിലീപിന്റെ ജാമ്യഹർജി ആലുവ മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണ് ദിലീപിനു വേണ്ടി സുപ്രീം കോടതിയിൽ നിന്നും വക്കീലെത്തുന്നത്. ഇതിനിടെ ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്നത് പൊലീസിനു കടുത്ത വെല്ലുവിളിയിയായി.
കൊടും ക്രിമിനലുകളെ പോലും ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ സംഭവം വെളിച്ചത്തുകൊണ്ടു വരുന്ന ചോദ്യം ചെയ്യൽ വിദഗ്ദൻമാർ ഉൾപ്പെടെ രംഗത്തിറങ്ങിയിട്ടും ദിലീപിൽ നിന്നും പ്രതീക്ഷിച്ച മറുപടി അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് കസ്റ്റഡി അവസാനിച്ച് ജയിലിലടച്ചതിനാൽ ഇനി മതിയായ കാരണമില്ലാതെ പ്രതിയെ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടു നൽകുകയുമില്ല.

ഈ സാഹചര്യത്തിൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ നിന്നടക്കം പ്രമുഖരെ രംഗത്തിറക്കി ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുവാൻ ഒരുങ്ങുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.

ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയാൽ കേസ് തന്നെ റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊലീസ് ഭയക്കുന്നുണ്ട്.

സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാനും അണിയറയിൽ ആലോചന ശക്തമാണ്. ഇതെല്ലാം മുൻകൂട്ടി കണ്ട് പരമാവധി തെളിവുകൾ ശേഖരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് അന്വേഷണ സംഘമിപ്പോൾ.

ദിലീപിന്റെ മാനേജർ അപ്പുണ്ണി, പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കോ ഇവരിൽ ആരെയെങ്കിലും മാപ്പ് സാക്ഷിയാക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത്.

രണ്ട് പേരെയും ഇതുവരെ കണ്ടെത്താൻ പറ്റാത്ത സാഹചര്യത്തിൽ വിവിധ സ്‌ക്വാഡുകൾ രൂപീകരിച്ച് പൊലീസ് പരക്കം പായുകയാണ്.

ഇതിനിടെ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴും കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴും ലഭിക്കാത്ത ദിലീപിന്റെ രണ്ട് മൊബൈൽ ഫോണും പ്രതിഭാഗം തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതും അന്വേഷണ സംഘത്തിന് ക്ഷീണമായി.

ഫോണുകളിൽ പൊലീസ് ക്രിത്രിമം കാണിക്കാതെയിരിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ തന്ത്രപരമായ ഈ നടപടി.

കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വിഭിന്നമായി വലിയ ഒരു ആത്മവിശ്വാസം ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ദിലീപിന്റെ മുഖത്തുണ്ടായിരുന്നു.

വാഹനത്തിൽ കോടതിയിലേക്ക് കൊണ്ടു വരുമ്പോഴും തിരികെ കൊണ്ടു പോകുമ്പോഴും സ്ത്രീകൾ അടക്കമുള്ളവർ കൈ വീശിയപ്പോൾ തിരിച്ച് പുഞ്ചിരിയോടെ കൈവീശികാണിക്കാൻ ദിലീപ് മറന്നില്ല.

ഈ പുഞ്ചിരിയും ആത്മവിശ്വാസവും ദിലീപിന്റെ ആരാധകർക്ക് ആവേശമാകുമ്പോൾ മറ്റ് ‘ചിലരുടെ’ ചങ്കിടിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

സോഷ്യൽ മീഡിയകളിൽ ദിലീപിന് അനുകൂലമായ പ്രചരണങ്ങൾ ഉയരുന്നത് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതിലൂടെ ദിലീപിന് ജനപിന്തുണ ഇപ്പോഴും ഉണ്ടെന്ന് പരസ്യമായി അംഗീകരിക്കുകയാണ് പ്രോസിക്യൂഷൻ ചെയ്തതെന്നാണ് പ്രമുഖ അഭിഭാഷകർ പോലും ചൂണ്ടിക്കാട്ടുന്നത്.

ദിലീപിന് വേണ്ടി ഏത് ഉന്നതനായ അഭിഭാഷകനാണ് ഹൈക്കോടതിയിലെത്തുന്നത് എന്ന കാര്യം ഇതുവരെ പുറത്ത് വിട്ടിട്ടില്ലങ്കിലും എന്ത് കൊണ്ടാണ് അന്വേഷണ സംഘതലവൻ ദിനേന്ദ്രകാശ്യപ്, ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോഴും തുടർന്ന് ചോദ്യം ചെയ്യുമ്പോഴും രംഗത്ത് ഉണ്ടാവാതിരുന്നത് എന്നത് ഗൗരവമായി തന്നെ പ്രതിഭാഗം കാണുന്നുണ്ട്.

അന്വേഷണ സംഘതലവനില്ലാതെ മുന്നോട്ട് പോകരുതെന്ന് മുൻ ഡിജിപി ഉത്തരവിട്ടിട്ടും എഡിജിപി സന്ധ്യ തന്നെയാണ് വീണ്ടും ദിലീപിനെ ചോദ്യം ചെയ്തിരുന്നത്.

അന്വേഷണ സംഘതലവനില്ലാതെ നടന്ന അറസ്റ്റിൽ ദിനേന്ദ്ര കാശ്യപിനെ കൂടി പ്രത്യേകം കക്ഷിയാക്കി ഹൈക്കോടതിയിൽ ഹർജി നൽകുന്ന കാര്യവും പ്രതിഭാഗം ആലോചിക്കുന്നുണ്ടെന്നാണ് സൂചന.

പൊലീസ് സേനയിൽ നിഷ്പക്ഷനും സത്യസന്ധനുമായ ഉദ്യോഗസ്ഥനായിട്ടാണ് ദിനേന്ദ്ര കാശ്യപ് അറിയപ്പെടുന്നത്.

മുൻ മാധ്യമപ്രവർത്തകൻ കൂടിയായ ഇദ്ദേഹം ക്യത്യമായി മാധ്യമങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നും അകലം പാലിക്കുന്ന ഉദ്യോഗസ്ഥനാണ്. സിബിഐയിലും ഐബിയിലും മുൻപ് പ്രവർത്തിച്ചിട്ടുമുണ്ട്.

Top