കൊച്ചി: ദിലീപിന്റെ ഐഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനായി ദിലീപ് നേരിട്ടല്ല തന്നെ സമീപിച്ചതെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.മൂന്നാമതൊരാളാണ് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ സമീപിച്ചത് എന്ന് റിപ്പോര്‍ട്ട്. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തുകയും മൊബൈലും ഐപാഡും കണ്ടെടുക്കുകയും ചെയ്തിരുന്നു. വിശദമായ അന്വേഷണം തുടരവെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തുകയും മൊബൈലും ഐപാഡും കണ്ടെടുക്കുകയും ചെയ്തിരുന്നു. വിശദമായ അന്വേഷണം തുടരവെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്..
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് പുതിയ കേസ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ കേസെടുത്തത്. എന്നാല്‍ കാര്യമായ തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുമില്ല.
ദിലീപിന്റെ നീക്കങ്ങള്‍ സംബന്ധിച്ച് അറിയണമെങ്കില്‍ ഫോണ്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അല്‍പ്പം മടിച്ചിട്ടാണെങ്കിലും ഫോണ്‍ ദിലീപ് കൈമാറി. മുംബൈയിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ച ഫോണ്‍ മടക്കി വാങ്ങി കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. മുംബൈയിലെ ലാബില്‍ വച്ച് ഫോണിലെ ചില രേഖകള്‍ നശിപ്പിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. പിന്നീടാണ് കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് എന്നാണ് കണ്ടെത്തല്‍.
സായ് ശങ്കറുടെ വീട്ടില്‍ റെയ്ഡ് നടത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ തടസവാദം ഉന്നയിച്ചിരിക്കുകയാണ്. ഇതിനിടെയാണ് സായ് ശങ്കറിന്റെ മൊഴിയിലെ ചില കാര്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്, ദിലീപ് നേരിട്ട് സായ് ശങ്കറുമായി സംസാരിച്ചിട്ടില്ല എന്നാണ് വിവരം. പകരം പ്രതിഭാഗത്തെ ഒരു അഭിഭാഷകനാണ് ഇടപെട്ടതത്രെ. ദിലീപിന്റെ ഫോണിലെ ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിക്കണമെന്നാണ് അഭിഭാഷകന്‍ നിര്‍ദേശം നല്‍കിയതെന്ന് മലയാള മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിന്റെ ഫോണിലെ ചില ഡാറ്റകള്‍ ഷ്രെഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ സമീപിച്ചത് എന്ന് സായ് ശങ്കര്‍ പറഞ്ഞു.
2015ല്‍ തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ് കേസില്‍ പ്രതിയാണ് സായ് ശങ്കര്‍. ഇയാളുടെ ആദ്യ ഭാര്യ മരിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോടാണ് താമസം. ഈ വേളയിലാണ് അഭിഭാഷകന്‍ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതത്രെ. കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഇതിന് പണം വാങ്ങിയില്ലെന്നും സായ് ശങ്കര്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹണിട്രാപ് കേസില്‍ സായ് ശങ്കറെ അറസ്റ്റ് ചെയ്തത് ബൈജു പൗലോസ് ആണ്. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചതും ബൈജു പൗലോസ് ഉള്‍പ്പെടുന്ന സംഘമാണ്. ഹണി ട്രാപ് കേസില്‍ ഉള്‍പ്പെട്ടതോടെ സായ് ശങ്കറുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. മറ്റൊരു വിവാഹം ചെയ്ത സായ് ശങ്കര്‍ കോഴിക്കോട് കേന്ദ്രമായി ഐടി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.
ദിലീപിന്റെ ഫോണില്‍ നിന്ന് ഒന്നും മായ്ച്ച് കളഞ്ഞിട്ടില്ല എന്ന് സായ് ശങ്കര്‍ പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോപ്പി ചെയ്യുകയല്ലാതെ മായ്ച്ചു കളഞ്ഞില്ല എന്നാണ് ഇയാള്‍ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോട് വ്യക്തി വിരോധമുണ്ട് എന്നാണ് സായ് ശങ്കര്‍ പറയുന്നത്. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്നും സായ് ശങ്കര്‍ പറയുന്നു.