പോലീസ് പിടിച്ചെടുത്തത് ദിലീപിന്‍റെ സുരക്ഷാവാഹനം അല്ല

ദിലീപിന്റെ സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നായിരുന്നു വാര്‍ത്ത. ഏജന്‍സിയുടെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പക്ഷേ, അത് ദിലീപിന്റെ സുരക്ഷാ വാഹനം ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊട്ടാരക്കര പോലീസ് ആയിരുന്നു തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അത് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു വലിയ വാര്‍ത്തയൊന്നും ആകാതെ പോകുമായിരുന്ന ആ സംഭവം ദിലീപിന്റെ പേര് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെയാണ് വലുതായത്. എന്തായാലും ഇതുകൊണ്ടുള്ള ലാഭം തണ്ടര്‍ ഫോഴ്‌സിന് തന്നെ ആണെന്ന് പറയേണ്ടി വരും. കഴിഞ്ഞ ദിവസം തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം കൊച്ചിയില്‍ പോലീസ് പരിശോധനയില്‍ തടഞ്ഞിരുന്നു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വാഭാവിക പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇത്. മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷാ വാഹനം എന്നായിരുന്നത്രെ കൊച്ചിയില്‍ ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പോലീസ് അന്വേഷിച്ചപ്പോള്‍ ലഭിച്ചത് വേറൊരു വിവരം ആണ്.
മലേഷ്യന്‍ സ്പീക്കര്‍ കേരളത്തില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നില്ല എന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ മലേഷ്യന്‍ സ്പീക്കറുടെ കേരള സന്ദര്‍ശനം അനൗദ്യോഗികം ആയിരുന്നു. ഇക്കാര്യം സുരക്ഷ ഏജന്‍സി തന്നെ സ്ഥിരീകരിച്ച് നല്‍കുകയും ചെയ്തു. സ്വകാര്യസുരക്ഷ മതിയെന്ന് സ്പീക്കര്‍ അറിയിച്ചതായും വ്യക്തമാക്കി. ഇതോടെ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് വിട്ടയക്കുകയായിരുന്നു. ദിലീപിന് സുരക്ഷയൊരുക്കുന്നതിലൂടെ തണ്ടര്‍ ഫോഴ്‌സിന് കേരളത്തില്‍ ലഭിച്ചത് വലിയ പരസ്യം തന്നെ ആണ്. ഇത്രനാളും അധികം ആരും അറിയാതിരുന്ന ഒരു സ്ഥാപനം ഒറ്റ ദിവസം കൊണ്ട് സൂപ്പര്‍ ഹിറ്റ് ആയി എന്ന് പറയാം. കഴിഞ്ഞ നാല് വര്‍ഷമായി തണ്ടര്‍ ഫോഴ്‌സ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാടും തൃശൂരും ആണ് ഇവര്‍ക്ക് ഓഫീസുകള്‍ ഉള്ളത്. ഇന്ത്യയിലൊട്ടാകെ 11 സംസ്ഥാനങ്ങളില്‍ ഇവര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മലയാളിയുടേതാണ് ഈ സ്ഥാപനം. കാസര്‍കോട് സ്വദേശിയും നാവിക സേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും ആയ അനില്‍ നായര്‍ ആണ് തണ്ടര്‍ ഫോഴ്‌സിന്റെ ഉടമ. ഗോവ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. ആയിരത്തോളം പേരാണ് തണ്ടര്‍ ഫോഴ്സില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും വിമുക്ത ഭടന്‍മാരാണ്. കേരളത്തില്‍ മാത്രം നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ദിലീപിന് 24 മണിക്കൂര്‍ സുരക്ഷയാണ് ഇവര്‍ ഒരുക്കുന്നത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ മുഴുവന്‍ സമയവും ദിലീപിനൊപ്പം ഉണ്ടാകും.

Top