തിലകനെയും തുളസീദാസിനേയും സിനിമയില്‍ നിന്നും കെട്ടു കെട്ടിച്ചു; മാക്ടയെ പിളര്‍ത്തി; തിയറ്റര്‍ ഉടമകളെ വെള്ളം കുടുപ്പിച്ചു; മമ്മൂട്ടിയും മോഹന്‍ ലാലും പോലും ഉരിയാടാന്‍ പേടിച്ച്‌ ജീവിച്ചു: അസ്തമിക്കുന്നത് മലയാള സിനിമയെ കൈവെള്ളയിലാക്കിയ താര രാജാവ്.

കൊച്ചി :ദിലീപിനെ അറസ്റ് ചെയ്തതോടെ അസ്തമിക്കുന്നത് മലയാള സിനിമയെ കൈവെള്ളയിലാക്കിയ താര രാജാവ്. തിലകനെയും തുളസീദാസിനേയും സിനിമയില്‍ നിന്നും കെട്ടു കെട്ടിച്ച വില്ലൻ . ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്ന സിനിമയില്‍ സായ്കുമാര്‍ അവതരിപ്പിച്ച വേഷം അവതരിപ്പിക്കാന്‍ ആദ്യം ക്ഷണിച്ചത് തിലകനെ ആയിരുന്നു. എന്നാല്‍ തിലകനെ വെട്ടി ഈ വേഷം ചെയ്യാന്‍ സായ്കുമാറിനെ എത്തിച്ചതും ദിലീപ് തന്നെ. അന്ന് തിലകന്‍ ദിലീപിനെ തന്റെ നമ്പർ വണ്‍ ശത്രു എന്നാണ് വിശേഷിപ്പിച്ചത്.ഒരുകാലത്ത് മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായിരുന്നു തുളസീദാസ്. പിന്നീട് അദ്ദേഹവും തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആരും അന്വേഷിച്ചില്ല. മോഹന്‍ ലാലും മമ്മൂട്ടിയേയും വെച്ച്‌ പോലും സിനിമ ഒരുക്കിയ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ദിലീപ് തന്നെയായിരുന്നു.
വര്‍ഷം 2007, ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് സംവിധായകന്‍ തുളസിദാസ് വരുന്നു. കുറേക്കാലംമുമ്ബ് അഡ്വാന്‍സ് കൈപ്പറ്റി ഡേറ്റ് നല്‍കിയിരുന്നുവെങ്കിലും ഷൂട്ടിങ് തുടങ്ങാന്‍ തയ്യാറാകാത്തതിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യുകയാണ് ഉദ്ദേശ്യം. പലകഥകള്‍ പറഞ്ഞുവെങ്കിലും ഒന്നും ഇഷ്ടമാകുന്നില്ലെന്നുപറഞ്ഞ് ഓരോതവണയും മടക്കിയയക്കുകയായിരുന്നു ദിലീപ്.ഇത്തവണ രണ്ടിലൊന്നറിയണം എന്ന നിലപാടിലാണ് തുളസിയുടെ വരവ്. കസേരയിലിരുന്ന ദിലീപ് സംവിധായകനെ കണ്ടതും മുന്നില്‍ക്കിടന്ന മറ്റൊരുകസേരയിലേക്ക് കാല്‍ നീട്ടിവെച്ചു. അവിടെ വേറെ ഇരിപ്പിടങ്ങളില്ല. അന്നത്തെ ഹിറ്റ് സംവിധായകരിലൊരാളായ തുളസിയെ ദിലീപ് ഏറെനേരം നിര്‍ത്തിക്കൊണ്ട് സംസാരിച്ചു. ഒടുവില്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്നും അറിയിച്ചു.
അപമാനിതനായി മടങ്ങിയ തുളസിദാസ് സംവിധായകരുടെ സംഘടനയ്ക്ക് പരാതിനല്‍കി. അവരത് സിനിമയിലെ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ മാക്ട ഫെഡറേഷന് കൈമാറി. വിനയനാണ് സംഘടനയുടെ പ്രസിഡന്റ്. ദിലീപിനെ വിലക്കാനായിരുന്നു തീരുമാനം. അതവസാനിച്ചത് മാക്ടഫെഡറേഷന്റെ പിളര്‍പ്പിലും ഫെഫ്ക എന്ന പുതിയ സംഘടനയുടെ പിറവിയിലും. അന്ന് വിനയനൊപ്പം നിന്നവരെ അടര്‍ത്തിയെടുത്ത് പുതിയ സംഘടനയ്ക്കായി ചരടുവലിച്ചത് ദിലീപായിരുന്നു.
വര്‍ഷങ്ങളായി സിനിമാറിലീസിന്മേലുള്ള അധികാരകേന്ദ്രമായി നിലകൊള്ളുകയും പലസമരങ്ങള്‍ക്കും കളമൊരുക്കുകയുംചെയ്ത കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കുത്തക അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നിര്‍മ്മാതാക്കളും വിതരണക്കാരും തേടിയത് ദിലീപിന്റെ സഹായമാണ്.അത് ഭംഗിയായി നിര്‍വഹിച്ച ദിലീപ് ഫെഡറേഷനെ നിശ്ശബ്ദമായി അവസാനിപ്പിച്ചു. പുതിയ സംഘടനയ്ക്ക് തുടക്കമിട്ടു. ഇനി വിലക്ക് എന്ന വാക്ക് മലയാളസിനിമയിലുണ്ടാകില്ലെന്ന് പറഞ്ഞ ദിലീപ് ആദ്യംചെയ്തത് ഫെഡറേഷന്‍പ്രസിഡന്റായിരുന്ന ലിബര്‍ട്ടി ബഷീറിന്റെ തിയേറ്ററുകള്‍ക്ക് സിനിമ നിഷേധിക്കലാണ്. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന സ്വന്തംസംഘടനയുടെ ഉദ്ഘാടനവേദിയിലും ദിലീപിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു -തലേന്ന് 13 മണിക്കൂര്‍ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറഞ്ഞതിന്റെ നേരിയ ഭാവം പോലുമില്ലാതെ.

Top