തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ തൃശൂരിലെ മൂന്ന് കേന്ദ്രങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.ജോയ്സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍, കിണറ്റിന്‍കര ടെന്നീസ് ക്ളബ്ബ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.ദിലീപിനെയും കൊണ്ട് തൃശൂരിലേക്ക് വന്ന പോലീസ് വാഹനങ്ങള്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ പ്രത്യേക ട്രാക്കിലൂടെ കടത്തിവിട്ടു. എമര്‍ജന്‍സി ട്രാക്കിന് സമീപമുള്ള ട്രാക്ക് ഒഴിച്ചിടുകയും ഇതിലൂടെ 10.58ന് വാഹനങ്ങള്‍ കടത്തിവിടുകയുമായിരുന്നു. ഒരു വലിയ ബസും മിനിബസും രണ്ടു ജീപ്പുകളുമാണ് ഉണ്ടായിരുന്നത്. ദിലീപിനേയും കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ ടോള്‍പ്ലാസയില്‍ സൗകര്യമൊരുക്കണമെന്ന് പോലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.ദിലീപിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ എല്ലായിടത്തും നടക്കുന്നതിനാല്‍ ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയിടേണ്ട അവസ്ഥയുണ്ടായാല്‍ അത് വലിയ പ്രശ്നമാകുമെന്നതുകൊണ്ടാണ് റൂട്ട് ക്ലിയര്‍ ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടത്. ആലുവയില്‍ നിന്ന് ദിലീപിനേയും കൊണ്ട് പോലീസ് പുറപ്പെട്ടപ്പോള്‍ തന്നെ പാലിയേക്കരയിലും ട്രാക്ക് സജ്ജമായിരുന്നു.
വന്‍ സുരക്ഷാ സന്നാഹത്തോടെ ഇന്ന് രാവിലെ 11.20ഓടെയാണ് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയ ജോയ്സ് പാലസ് ഹോട്ടലില്‍ എത്തിച്ചത്. പൊലീസ് വാഹനം എത്തിയ ഉടന്‍ ഹോട്ടലിന്റെ ഗേറ്റ് അടച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ അകത്തേക്ക് കയറിയില്ല. എങ്കിലും നേരത്തെ കയറിക്കൂടിയ ആളുകളും ഗേറ്റിന് പുറത്തും മതിലിലും നിന്ന ആളുകള്‍ കൂക്കിവിളിച്ച് ദിലീപിനെ വരവേറ്റു. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തേക്കിറക്കിയില്ല. അഞ്ചു മിനിറ്റ് നേരം ദിലീപുമായെത്തിയ പൊലീസ് വാഹനം ഹോട്ടലിന്റെ കാര്‍ പോര്‍ച്ചില്‍ നിറുത്തിയിട്ടു. അന്വേഷണ സംഘം ഹോട്ടലിന്റെ അകത്തെത്തി റിസപ്ഷനില്‍ നിന്ന് തെളിവെടുപ്പ് നടത്തി.
നടിയെ ആക്രമിച്ച ഗൂഢാലോചന അവസാനഘട്ടത്തില്‍ നടന്ന ഘട്ടത്തില്‍ ദിലീപിനെ കാണാന്‍ പള്‍സര്‍ സുനി ഇവിടെയെത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഹോട്ടലിലെ സന്ദര്‍ശന രജിസ്റ്ററില്‍ പേരെഴുതിയ ശേഷമായിരുന്നു സുനി-ദിലീപ് കൂടിക്കാഴ്ച. ഇതിനു ശേഷം പുറത്ത് കാര്‍പോര്‍ച്ചില്‍ നിറുത്തിട്ട ബി.എം.ഡബ്ള്യു കാറില്‍ ഇരുവരും ഇരുന്ന് സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പിന്നാലെ ജോയ്സ് പാലസില്‍ നിന്നും അര കിലോമീറ്റര്‍ ദൂരം മാത്രമുള്ള ഗരുഡ ഹോട്ടലില്‍ 11.37ഓടെയാണ് പൊലീസ് സംഘം ദിലീപിനെ എത്തിച്ചു. വാഹനത്തില്‍ നിന്നും ദിലീപിനെ പുറത്തിറക്കിയ അന്വേഷണ സംഘം ഹോട്ടലിലെ എട്ടാം നിലയിലേക്കാണ് ലിഫ്റ്റ് മാര്‍ഗം എത്തി. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഈ ഹോട്ടലിലെ എട്ടാം നിലയിലെ 801ആം നമ്ബര്‍ മുറിയിലായിരുന്നു ദിലീപ് താമസിച്ചിരുന്നത്. 14 ദിവസം ഹോട്ടലില്‍ ദിലീപ് താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേ സമയം പള്‍സര്‍ സുനി ഇവിടെയെത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല.
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എട്ടാം നിലയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. നാലു മിനിട്ടു കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണ സംഘം ലിഫ്റ്റ് വഴി താഴേക്കിറങ്ങി. താഴെ മാദ്ധ്യമ പ്രവര്‍ത്തകര്‍ ദിലീപിനോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. മാദ്ധ്യമപ്രവര്‍ത്തകരെ മാറ്റി നിറുത്താന്‍ ദിലീപും ആവശ്യപ്പെട്ടു. പുറത്തേക്കിറങ്ങുമ്ബോള്‍ പുറത്ത് കൂടി നിന്നിരുന്ന ജനങ്ങള്‍ കൂവി വരവേറ്റപ്പോള്‍ കൈ ഉയര്‍ത്തിക്കാണിച്ച് സ്വതസിദ്ധമായ ശൈലിയില്‍ ദിലീപ് അവരെ എതിരേറ്റു.
11.42ഓടെ ഗരുഡ ഹോട്ടലില്‍ നിന്നും പൊലീസും ദീലിപും, അടുത്ത ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന കിണറ്റിന്‍കര ടെന്നീസ് അക്കാഡമിയിലേക്ക് തിരിച്ചു. ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ എന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായ ടെന്നീസ് അക്കാഡമിയില്‍ നിന്ന് അവിടുത്തെ ജീവനക്കാരന്‍ എടുത്ത സെല്‍ഫിയായിരുന്നു കേസന്വേഷണത്തില്‍ നിര്‍ണായക തെളിവായി മാറിയത്. ദിലീപുമൊത്ത് ജീവനക്കാരന്‍ എടുത്ത സെല്‍ഫിയില്‍ ദൈവത്തിന്റെ അദൃശ്യ കൈ എന്നോണം കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും കുടുങ്ങിയിരുന്നു. പള്‍സര്‍ സുനിയെ തനിക്ക് മുന്‍പരിചയമില്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഈ സെല്‍ഫി ചിത്രം പുറത്തുവന്നതോടെ ദിലീപ് അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങുകയായിരുന്നു.