അക്കൗണ്ടന്റിനെയും നാദിര്‍ഷായെയും ചോദ്യംചെയ്തു; ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയും രേഖപ്പെടുത്തി. നാദിര്‍ഷയെ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തെന്നാണു വിവരം.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍നിന്നും ചോദിച്ചറിഞ്ഞത്. ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക നേരത്തേ അന്വേഷണ സംഘം തയാറാക്കിയിരുന്നു. ഈ പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യലാണു നടന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. രണ്ടാഴ്ചയ്ക്കു മുമ്പു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നാദിര്‍ഷയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ വിദേശത്താണെന്നു നാദിര്‍ഷാ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന്, മടങ്ങി എത്തിയ ശേഷം ചോദ്യം ചെയ്യലിനു ഹാജരാകുകയായിരുന്നു. 2017ല്‍ നടന്നെന്നു ആരോപിക്കുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയുമോ എന്നാണു പ്രധാനമായും ആരാഞ്ഞത്. ദിലീപും നാദിര്‍ഷയും ഈ കാലയളവില്‍ പല സ്ഥലങ്ങളില്‍ ഒന്നിച്ചു യാത്ര ചെയ്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു നാദിര്‍ഷയെ ചോദ്യം ചെയ്തത്. എന്തെങ്കിലും നിര്‍ണായക വിവരം ലഭിച്ചോ എന്നു വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

ദിലീപുമായി സൗഹൃദവും സിനിമാ, സാമ്പത്തിക ഇടപാടുകളുണ്ടെന്നത് ഒഴിച്ചാല്‍ മറ്റ് ഇടപെടലുകളുമായി ബന്ധമില്ലെന്നാണു നാദിര്‍ഷയുടെ മൊഴിയെന്നാണ് അറിയുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. 21നു കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ അനൂപ് നേരിട്ടു ഹാജരാകണം. അനൂപിന്റെ ഫോണ്‍ പരിശോധനാഫലം ലഭിച്ചശേഷമാണു നടപടി. ദിലീപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരുടെ ഫോണ്‍ വിവരങ്ങള്‍ സൈബര്‍, ഫൊറന്‍സിക് പരിശോധനകള്‍ക്കു ശേഷം ഉടന്‍ ലഭിക്കുമെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍നിന്നു ലഭിച്ചാല്‍ ഇവരെയും അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്യും. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതിഭാഗം ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകളാണു ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രണ്ടു ഫോണുകള്‍ പ്രതിഭാഗം നല്‍കിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അവ പിടിച്ചെടുക്കാന്‍ പോലീസിന് അധികാരമുണ്ടെന്നു ഹൈക്കോടതി വാക്കാല്‍ പറഞ്ഞെങ്കിലും പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു ഫോണുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനു കഴിഞ്ഞിരുന്നില്ല.

Top