മലപ്പുറം: ഡിഫ്തീരിയ രോഗം ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുറത്ത് മൂന്ന് പ്രധാന വാക്സിനുകള്‍ കിട്ടാനില്ല. മരണ ഭീതിയിലാണ് മലപ്പുറത്തെ ജനങ്ങള്‍. ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി ഡിഫ്തീരിയ രോഗം നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ നല്‍കുന്ന വാക്‌സിനുകളാണ് കിട്ടാനില്ലാത്തത്.
മീസില്‍സ്, മുണ്ടിവീക്കത്തിന് നല്‍കുന്ന എംഎംആര്‍, പോളിയോ കുത്തിവെപ്പ് വാക്സിനായ ഐവിപി എന്നിവക്കാണ് ജില്ലയില്‍ കടുത്തക്ഷാമം നേരിടുന്നത്. ഡിഫ്തീരിയ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുറകോട്ടടിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ഡിഫ്തീരിയയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഈ വാക്സിനുകള്‍ നല്‍കേണ്ടതുണ്ട്. മരുന്നുകളുടെ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
ജില്ലയില്‍ കാലങ്ങളായി തുടരുന്ന പ്രതിരോധ കുത്തിവെപ്പിനെതിരായ പ്രചാരണങ്ങളാണ് ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതില്‍ നിന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ഇവരെ കൂടാതെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ജില്ലയിലെ 16 വയസ്സിന് താഴെയുളള മുഴുവന്‍ കുട്ടികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.