മലയാള സിനിമയിലെ അഭിനയ നക്ഷത്രമാണ് മമ്മൂട്ടി. ഭാവപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച മമ്മൂട്ടി ചിത്രങ്ങള്‍ സിനിമാ ആസ്വാദകരുടെ സ്ഥിരം ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ അതുപോലെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് മ്മൂട്ടിയുടെ താന്‍പൊരിമ. പിടിവാശികളുടെ രാജകുമാരനാണെന്നപഴി പല തവണ മമ്മൂട്ടിയുടെമേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നം നിമിത്ത്ം പല മികച്ച അവസരങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുമുണ്ട്.
സ്ഫടികം എന്ന സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റൊരുക്കിയ ഭദ്രന്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ: സ്ഫടികം പോലെ തന്നെ താന്‍ ഏറെ ആഗ്രഹിച്ച് ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അയ്യര്‍ ദി ഗ്രേറ്റ്. എന്നാല്‍ സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനഭുവങ്ങള്‍ ഏറെയായിരുന്നെന്ന് ഭദ്രന്‍.
‘നായകനായ മമ്മൂട്ടി പോലും ഒരവസരത്തില്‍ എന്നെ തെറ്റിദ്ധരിച്ചു. അദ്ദേഹം വേണ്ടരീതിയില്‍ സഹകരിച്ചില്ല. സംവിധായക സ്ഥാനത്ത് നിന്ന് എന്നെ മാറ്റാന്‍ വരെ തീരുമാനിക്കുകയുണ്ടായി’ – ഭദ്രന്‍ പറയുന്നു.
‘ലോകസിനിമയുടെ അന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ സിക്സ്ത് സെന്‍സ് എന്ന തികച്ചും വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച ചിത്രമായിരുന്നു അയ്യര്‍ ദ ഗ്രേറ്റ്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് അതിന്റെ ആശയം ലഭിച്ചത്. കോയമ്പത്തൂരിലെ ഒരു വര്‍ക്ക്ഷോപ്പ് ജീവനക്കാരന്റെ മകന് ശക്തമായ ഇടിമിന്നലേറ്റു. എങ്കിലും അവന്റെ ജീവന്‍ തിരിച്ചു കിട്ടി. ആ സംഭവത്തിന് ശേഷം അവന്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറി. ആഹാരമൊന്നും കഴിക്കാതെ വെറും കട്ടന്‍ ചായ മാത്രം കുടിക്കുന്ന നിലയായി. പെട്ടെന്നൊരു ദിവസം അവന്‍ ഒരു പ്രവചനം നടത്തി. തന്റെ വീടിനടുത്ത് താമസിക്കുന്ന ഒരു പയ്യനെ മോഷണക്കുറ്റം ആരോപിച്ചു ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊല്ലുമെന്നായിരുന്നു അത്. ആരും അത്ര കാര്യമായി എടുത്തില്ല. എന്നാല്‍ പറഞ്ഞ ദിവസം തന്നെ അത് സംഭവിച്ചു. മുപ്പതോളം വരുന്ന ആള്‍കൂട്ടം മോഷണക്കുറ്റം ആരോപിച്ച് ആ പയ്യനെ അടിച്ചു കൊന്നു. ഇതില്‍ നിന്നാണ് ഞാന്‍ അയ്യര്‍ ദ ഗ്രേറ്റിന്റെ കഥ രൂപപ്പെടുത്തിയത്.
മലയാറ്റൂര്‍ രാമകൃഷ്ണനെ തിരക്കഥയെഴുതാനായി സമീപിച്ചു. അദ്ദേഹം കാശൊക്കെ വാങ്ങി മൂന്നു മാസം എടുത്തു തിരക്കഥ പൂര്‍ത്തിയാക്കി. അതെന്നെ ഏല്‍പിക്കുന്ന സമയത്തു മുന്‍കൂര്‍ ജാമ്യംപോലെ അദ്ദേഹം പറഞ്ഞു , മറ്റ് ചില പ്രശ്നങ്ങള്‍ കാരണം തനിക്ക് വേണ്ടത്ര രീതിയില്‍ തിരക്കഥയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് . വായിച്ചു നോക്കിയപ്പോള്‍ ശരിയാണ്. എന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല. അവസാനം ഞാന്‍ കഠിനാദ്ധ്വാനം ചെയ്താണ് ആ തിരക്കഥ സിനിമയുടെ രൂപത്തിലാക്കിയത്.
കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉള്‍പ്പെടെയുള്ള നിരവധി സ്പെഷ്യല്‍ എഫക്ട്സ് സീക്വന്‍സുകള്‍ മലയാള സിനിമയില്‍ ആദ്യമായി അവതരിപ്പിച്ചത് അയ്യര്‍ ദ ഗ്രേറ്റിലാണ്. നടന്‍ രതീഷ് ആയിരുന്നു നിര്‍മ്മാതാവ്. സിനിമയ്ക്ക് വേണ്ടിയുള്ള പണം മുഴുവനും രതീഷ് മറ്റു പല ആവശ്യങ്ങള്‍ക്കായി റോള്‍ ചെയ്തുകൊണ്ടേയിരുന്നു. അവസാനം ചിത്രം പറഞ്ഞ ഡേറ്റില്‍ പൂര്‍ത്തിയാകാത്ത അവസ്ഥ വന്നു. ഭദ്രന്‍ കാശ് ധൂര്‍ത്തടിക്കുന്ന സംവിധായകനാണെന്ന് നിര്‍മ്മാതാക്കളുടെ ഇടയില്‍ ഒരു ശ്രുതി പരന്നു. ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാടു തെറ്റിദ്ധരിച്ചു. അദ്ദേഹം വേണ്ടരീതിയില്‍ സഹകരിച്ചില്ല. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും ചില നടന്മാരുടെ ഭാഗത്ത് നിന്നും സഹകരണമുണ്ടായില്ല.
അവസാനം മറ്റു പലരും ഇടപെട്ട് എന്നെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റാന്‍ വരെ തീരുമാനിച്ചു. പുറത്തു പറയാന്‍ കഴിയാത്ത പല മോശമായ കാര്യങ്ങളും ആ സിനിമയുടെ അണിയറയില്‍ നടന്നിട്ടുണ്ട്. മമ്മൂട്ടിയടക്കം ആ കഥയെ വേണ്ട രീതിയില്‍ ഉള്‍ക്കൊണ്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ സിനിമ റിലീസായപ്പോള്‍ എന്നെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാറ്റം വന്നു. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ 150 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്’- ഭദ്രന്‍ പറഞ്ഞു.