ഇന്നസെന്റും മമ്മൂട്ടിയും പടിയിറങ്ങുന്നു, പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍?: ഇടവേള ബാബു പറയുന്നു

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ പ്രസിഡന്റ് ആരെന്ന് ഈ മാസം അറിയാം. ജൂണ്‍ 24 ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുളള ഭാരവാഹികളെ തിരഞ്ഞെടുക്കും. നിലവിലെ പ്രസിഡന്റായ ഇന്നസെന്റ് വീണ്ടും ആ സ്ഥാനത്തേക്ക് ഇല്ലെന്ന് ഉറപ്പായിട്ടുണ്ട്. അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നസെന്റ് സ്ഥാനം ഒഴിയുന്നതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്തതായി എത്തുക മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നസെന്റും മമ്മൂട്ടിയും സ്ഥാനങ്ങളൊഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. നിലവില്‍ സംഘടനയുടെ വൈസ് പ്രസിഡന്റാണ് മോഹന്‍ലാല്‍. സംഘടനയിലെ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലല്‍ പ്രസിഡന്റ് ആകണമെന്നാണ് അഭിപ്രായമെന്നും സൂചനയുണ്ട്.

അമ്മയുടെ പുതിയ പ്രസിഡന്റിനെക്കുറിച്ചുളള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴും പുതിയ ഭാരവാഹികളുടെ കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ലെന്നാണ് അമ്മ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ അവസാനത്തെ ഞായറാഴ്ചയാണ് ജനറല്‍ ബോഡി യോഗം നടക്കുന്നത്. ഈ വര്‍ഷവും അത് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാണ് മല്‍സരിക്കുകയെന്നതിനെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല. മാധ്യമങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്ന് അറിയില്ല’ ഇടവേള ബാബു പറഞ്ഞു.

അതേസമയം, സംഘടനയില്‍ വലിയ അഴിച്ചു പണിക്കൊന്നും സാധ്യതയില്ലെന്നാണ് വിവരം. യുവാക്കള്‍ സംഘടനയിലെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് ചിലരുടെ അഭിപ്രായമെങ്കിലും അത് ഇത്തവണയും നടപ്പായേക്കില്ല. സീനിയര്‍ താരങ്ങള്‍ തന്നെയാകും സംഘടനയുടെ തലപ്പത്ത് ഉണ്ടാവുകയെന്നാണ് വിവരം. സംഘടനയുടെ ഫണ്ട് വിനിയോഗത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അനുഭവ പരിചയമുളളവര്‍ വേണമെന്ന അഭിപ്രായത്തെ മാനിച്ചാണിതെന്നാണ് സൂചന. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ കുക്കു പരമേശ്വരന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ മാത്രമാണ് കമ്മിറ്റിയിലെ വനിത അംഗങ്ങള്‍.

നിലവിലെ കമ്മിറ്റി അംഗങ്ങള്‍

പ്രസിഡന്റ്- ഇന്നസെന്റ്
വൈസ് പ്രസിഡന്റുമാര്‍- കെ.ബി.ഗണേശ് കുമാര്‍, മോഹന്‍ലാല്‍
ജനറല്‍ സെക്രട്ടറി- മമ്മൂട്ടി
സെക്രട്ടറി- ഇടവേള ബാബു
കമ്മിറ്റി അംഗങ്ങള്‍- അസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിളള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യ നമ്പീശന്‍

Top