അവസാന ആഗ്രഹം ബാക്കിയാക്കി ലാലേട്ടന്റെ ആ ആരാധിക വിടവാങ്ങി

തിരുവനന്തപുരം: ലാലേട്ടനെ കാണണമെന്ന ആഗ്രഹവും മരണ ശേഷം മൃതദേഹം മെഡിക്കൽ കോളേജിന് നൽകണമെന്ന ആഗ്രഹവും ബാക്കിയാക്കി തങ്കമ്മ അമ്മൂമ്മ ലോകത്തോട് വിട പറഞ്ഞു. നൂറ്റിയാറാം വയസിൽ അമ്മൂമ്മ വിടപറയുമ്പോൾ അവരുടെ  രണ്ടു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ കഴിയാത്തിന്റെ വിഷമത്തിലാണ് കോവളം കൃപാതീരത്തിലെ അധികൃതർ. ഇന്ന് രാവിലെ പത്തരയോടെയാണ് പൂങ്കുളം സ്വദേശിനിയും കോവളം മുട്ടയ്ക്കാട് കൃപാതീരം അഗതി മന്ദിരത്തിലെ അന്തേവാസിയുമായ തങ്കമ്മ(106) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ലോകത്തോട് വിട പറഞ്ഞത്. മൃതദേഹം ഇന്ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കുമെന്നു കൃപാതീരം അധികൃതർ അറിയിച്ചു. മരിക്കുന്നതിന് മുമ്പ് രണ്ടേ രണ്ടു ആഗ്രഹങ്ങളെ അമ്മൂമ്മ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒന്ന് ലാലേട്ടനെ നേരിട്ട് കണ്ടു പൊന്നാട അണിയിക്കണം,  രണ്ട്  മരണ ശേഷം തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കണം. ലാലേട്ടനെ കാണണമെന്ന അമ്മൂമ്മയുടെ ആഗ്രഹം നടത്താന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മരണ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ നൽകണമെന്ന അമ്മൂമ്മയുടെ ആഗ്രഹം നാലു വർഷം മുൻപ് അമ്മൂമ്മയെ കൃപാതീരത്ത് എത്തിച്ചവരുമായി കൃപാതീരം അധികൃതർ പങ്കുവെച്ചെങ്കിലും അതിന് അനുവാദം ലഭിച്ചില്ലെന്ന് പറയുന്നു. തുടർന്നാണ് മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസകരിക്കാൻ തീരുമാനിച്ചത്. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടമാണെന്നും കാണാന്‍ പറ്റുമോയെന്നും അമ്മൂമ്മ  ഇടയ്കിടെ അഗതി മന്ദിരത്തിന്റെ ചുമതലയുള്ള സിസ്റ്റര്‍ റിക്സിയോട് ചോദിക്കാറുണ്ടായിരുന്നു.  1969 ല്‍ പുറത്തിറങ്ങിയ കള്ളി ചെല്ലമ്മ എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന്  അമ്മൂമ്മ പറയുമായിരുന്നു. ഇതിനെ കുറിച്ച് കൂടുതലൊന്നും ആര്‍ക്കും ആറിയില്ല. തല നിവര്‍ന്നു അധികം നേരം ഇരിക്കാന്‍ പറ്റില്ലയെങ്കിലും ടി.വി കാണുന്നത് തങ്കമ്മ അമ്മൂമ്മയ്ക്ക്  ഇഷ്ടമായിരുന്നു. നാല് വര്‍ഷം മുന്‍പാണ് മുത്തശി അമ്മൂമ്മ കൃപാതീരത്ത് എത്തിയത്.  എല്ലാ തരം ആഹാരവും അമ്മൂമ്മ കഴിക്കും എന്നാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ചിലതില്‍ കൃപാതീരത്തെ സിസ്റ്റര്‍മാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. സിസ്റ്റര്‍മാരുടെ കൈത്താങ്ങോടെ മന്ദിരത്തിന് ഉള്ളില്‍ നടക്കുമായിരുന്നു. അധികം ആരോടും സംസാരിക്കാറില്ലെങ്കിലും ചോദിക്കുന്ന കാര്യങ്ങള്‍ക്ക്  മറുപടി പറയാറുണ്ടായിരുന്നു.  മുത്തശി അമ്മൂമ്മയുടെ ലാലേട്ടനെ കാണണം എന്ന ആഗ്രഹം അറിഞ്ഞ് എല്ലാ ബുധാനഴ്ച്ചയും കൃപാതീരത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഒരു പോസ്റ്റര്‍ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ വഴി പ്രചരിപ്പിച്ചിരുന്നുയെങ്കിലും അതും ഫലം കണ്ടില്ല.

Top