പീറ്റര്‍ഹെയ്ന്‍ സംവിധായകനാകുന്നു; നായകന്‍ മോഹന്‍ലാല്‍

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. മോഹന്‍ലാലിനെ നായകനാക്കി ചലച്ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം പീറ്റര്‍ ഹെയ്ന്‍ വെളിപ്പെടുത്തിയത്.

ആക്ഷന് പ്രാധാന്യം നല്‍കുന്ന സിനിമ ബഹുഭാഷയിലായിരിക്കും നിര്‍മ്മിക്കുന്നത്, രാജ്യത്തെ പ്രമുഖ സാങ്കേതിക വിദഗ്ധരെ നിരത്തിയായിരിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതെന്നും അഭിമുഖത്തില്‍ പീറ്റര്‍ ഹെയ്ന്‍ കൂട്ടച്ചേര്‍ത്തു.

വിയറ്റ്നാമില്‍ ജനിച്ച് തമിഴ് നാട്ടില്‍ വളര്‍ന്ന ഹെയ്ന്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ ചിത്രങ്ങളില്‍ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയാണ് പേരെടുത്തത്. അന്ന്യന്‍, ശിവാജി, എന്തിരന്‍, എന്തിരന്‍ 2.0 എന്നി ശങ്കര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച പീറ്റര്‍ ഹെയ്ന്‍ ബാഹുബലി, ഏഴാം അറിവ്, രാവണന്‍, ഗജിനി എന്നി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആയിരം കോടി ബജറ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മഹാഭാരതത്തിലും പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് സംഘടന രംഗങ്ങള്‍ ഒരുക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Top