അവാര്‍ഡ് സിനിമകള്‍ക്ക് ആള്‍ വരില്ലെന്ന് കാരണം പറഞ്ഞ് പല അവാര്‍ഡ് സിനിമകളും തിയറ്ററിന്റെ പടിക്കു പുറത്തായിട്ടുണ്ട്. ഒരു സിനിമ നിര്‍മ്മിച്ചെടുക്കാന്‍ എന്തൊക്കെ കഷ്ടപ്പാടുണ്ടെന്നത് പലര്‍ക്കും അറിയില്ലല്ലോ. സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററില്ലെന്ന് പറഞ്ഞ് സംവിധായകന്‍ സനല്‍ കുമാര്‍ സിനിമാ വണ്ടിയുമായി ഇറങ്ങിയത് എല്ലാവര്‍ക്കും കൗതുക കാഴ്ചയായി.
സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രം ഒഴിവു ദിവസത്തെ കളി എന്ന സിനിമയുമായാണ് സനല്‍ കുമാര്‍ ശശിധരന്‍ ഇറങ്ങിയത്. ജൂണ്‍ പതിനേഴിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ഇതിന് മുന്നോടിയായാണ് അദ്ദേഹം സിനിമയുടെ പോസ്റ്ററുകളും മറ്റും പതിപ്പിച്ച വണ്ടിയുമായി നിരത്തിലിറങ്ങിയത്. ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.
‘ഒഴിവുദിവസത്തെ കളി തിയേറ്ററിലെത്തിക്കാനുള്ള ഓട്ടത്തിലാണിപ്പോള്‍ സിനിമാവണ്ടി. ജൂണ്‍ 17, അതുമാത്രമാണ് ഓര്‍മയുള്ള ഒരേയൊരു തീയതിയെന്ന് സനല്‍ പറയുന്നു. ഒഴിവുദിവസത്തെ കളിയുടെ പോസ്റ്ററുകളും സ്റ്റാന്‍ഡിയുമൊക്കെയായി സിനിമാവണ്ടിയില്‍ തിയേറ്ററുകള്‍ തോറും യാത്രചെയ്യുകയാണ്. തിയേറ്ററുകള്‍ ലഭ്യമാവുകയാണ് സിനിമകളെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ സംഭവം.
ആദ്യം തിരുവനന്തപുരത്ത് മാത്രം റിലീസ് ചെയ്യാനുള്ള പ്ലാനുമായാണ് മുന്നോട്ട് പോയത്. സിനിമയെ സപ്പോര്‍ട്ട് ചെയ്യാന്‍ ആഷിഖ് അബു മുന്നോട്ട് വന്നതോടെ ചിത്രമാകെ മാറി. കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിക്കാമെന്ന ധൈര്യം വന്നു. നിരവധിയാളുകള്‍ പിന്തുണയുമായി രംഗത്തു വന്നുവെന്നും സനല്‍ കുമാര്‍ പറയുന്നു.