മലയാള സിനിമയില്‍ തന്റേതായ മുഖം സ്വന്തം പ്രയത്‌നം കൊണ്ട് പടുത്തുയര്‍ത്തിയ നടനാണ് കലാഭവന്‍ മണി. ജീവിച്ചിരുന്നപ്പോളും അതിന് ശേഷവും ഏറെ വിവാദങ്ങള്‍ നേരിട്ടിരുന്നു മണി. തെന്നിന്ത്യയിലെ തന്നെ വിലപിടിപ്പുള്ള നടനായി മാറിയെങ്കിലും അഭിനയ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ സഹപ്രവര്‍ത്തകരില്‍ നിന്നടക്കം മണിക്ക് നിരവധി അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നായിരുന്നു കറുത്തതായതിനാല്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് പ്രമുഖ നടി പറഞ്ഞതായി പുറത്തു വന്ന വാര്‍ത്തകള്‍. മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ ഒരുക്കുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.
2002-ല്‍ പുറത്തിറങ്ങിയ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ ഒരു നടി ഇങ്ങനെ പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍. ഇതിനോട് മണി പ്രതികരിച്ചിരുന്നില്ലെങ്കിലും സംഭവം സത്യമാണെന്ന് മണിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. നേരിട്ട് അന്വേഷിച്ചതില്‍ നിന്നും ഇത് സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു രംഗം സിനിമയില്‍ ആവിഷ്‌കരിക്കാന്‍ വിനയന്‍ തീരുമാനിച്ചത്.
വിനയന്റെ വാക്കുകള്‍-
‘മണിയെ നായകനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുള്ള മലയാളത്തിലെ പ്രമുഖ നടന്മാരും നടിമാരുമുണ്ട്. എന്നാല്‍ മണി വലുതായി കഴിഞ്ഞപ്പോള്‍ ഇവരൊക്കെ മണിയെ ചേര്‍ത്തുപിടിക്കുകയും മണിയുടെ ആളാണെന്ന് പറയാന്‍ തമ്മില്‍ മത്സരിക്കുകയും ചെയ്തു.
അങ്ങനെ മണിയുടെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ ഒരു സഹപ്രവര്‍ത്തകയെ കാണുന്ന രംഗം ചാലക്കുടികാരന്‍ ചങ്ങാതിയില്‍ പുനസൃഷ്ടിക്കുന്നുണ്ട്. പണ്ടു സഹായിച്ചിട്ടുള്ള മണിക്കേറെ ഇഷ്ടപ്പെട്ട മലയാളത്തിലെ പ്രമുഖ അഭിനേത്രി മുന്നില്‍ വരുമ്പോള്‍ മണി അവരോട് സംസാരിക്കുന്നതാണ് ഈ സീന്‍. ഹണി റോസാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മണിയുടെ കഥാപാത്രം മാനസികസമ്മര്‍ദം നേരിടുന്ന അവസ്ഥയില്‍ ചിത്രീകരിക്കുന്ന രംഗം കൂടിയാണത്. അവസാനകാലഘട്ടങ്ങളില്‍ അവസരമുണ്ടായിട്ടും സിനിമയില്‍ അഭിനയിക്കാന്‍ മണി പോകില്ലായിരുന്നു. തന്റെ കറുപ്പ് നിറത്തെക്കുറിച്ച് മണിക്ക് ചെറിയ കോംപ്ലെക്സ് ഉണ്ടായിരുന്നു. എന്തു കൊണ്ടാണ് അന്ന് തനിക്കൊപ്പം അഭിനയിക്കാതിരുന്നത് എന്ന് മണിയുടെ കഥാപാത്രം ഹണി റോസിന്റെ കഥാപാത്രത്തോട് ചോദിക്കുന്ന രംഗമാണത്.
നടി തന്നെ അവഗണിച്ചത് മണിയുടെ ഹൃദയത്തില്‍ മുള്ളുപോലെ തറച്ചിരുന്നു. അതിന്റെ കാരണം അറിയണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
സത്യത്തില്‍ അന്ന് തന്നെ അവഗണിച്ചത് കളിയാക്കാനായിരുന്നോ അതോ തന്റെ നിറം കൊണ്ടാണോ എന്നാണ് മണി അവരോട് ചോദിക്കുന്നത്. സിനിമയിലെ പ്രധാനരംഗം കൂടിയാണിത്’ – വിനയന്‍ പറഞ്ഞു.