‘കബാലി’ എന്ന ചിത്രത്തിനുവേണ്ടി മാധ്യമങ്ങളും തിയേറ്ററുകളും കൊട്ടിയാഘോഷിച്ചത് ശരിയായില്ലെന്ന് സംവിധായകന്‍ വിനയന്‍. തമിഴ് ചലച്ചിത്രത്തിനുവേണ്ടി മലയാള സിനിമകള്‍ മാറി നില്‍ക്കേണ്ട അവസ്ഥ വന്നു. മലയാളസിനിമയ്ക്കു വേണ്ടിയാണോ തമിഴ് സിനിമയ്ക്ക് വേണ്ടിയാണോ മലയാളം ഫിലിം ഇന്‍ഡസ്ട്രിയും കേരളത്തിലെ മീഡിയകളും പ്രവൃത്തിക്കുന്നത് എന്നും വിനയന്‍ ചോദിക്കുന്നു.
കബാലി ഹിറ്റാകട്ടെ 100 ദിവസം ഓടട്ടെ നല്ല കാര്യം തന്നെ. ഇവിടുത്തെ സൂപ്പര്‍സ്റ്റാര്‍സായ മമ്മൂട്ടിയുടെയൊ മോഹന്‍ലാലിന്റെയോ ഒരു ചിത്രത്തിനും കിട്ടാത്ത അഭൂതപൂര്‍വ്വമായ പബ്ലിസിറ്റിയാണ് ഒരു സാധരണ ചിത്രമായ കബാലിക്ക് നമ്മുടെ മീഡിയ കൊടുത്തത്. ചാര്‍ജ്ജ് ചെയ്യുന്ന പരസ്യമായിട്ട് കണക്കാക്കുകയാണെങ്കില്‍ പത്രങ്ങളും ചാനലുകളും കൂടി നല്‍കിയത് ഏതാണ്ട് പത്തു കോടിയില്‍പരം രൂപയുടെ പരസ്യമാണത്രെ ഇതിന്റെ പത്തിലൊന്ന് വാര്‍ത്താപ്രാധാന്യം പത്രങ്ങളും ചാനലുകളും ഏതെങ്കിലും മലയാളസിനിമയ്ക്കു കൊടുക്കുകയാണെങ്കില്‍ എത്ര മോശം സിനിമയാണെങ്കില്‍ കൂടി മൂന്നാലു ദിവസം എന്‍കിലും ഹൗസ് ഫുള്ളായിട്ട് ഓടും.
അതുകൊണ്ടാ നിര്‍മ്മാതാവു രക്ഷപെടുകേം ചെയ്യും. ചിത്രം ഇറങ്ങിയിട്ട് സമ്മിശ്രപ്രതികരണം വന്നിട്ടു പോലും അതു മറച്ചുവെച്ച് ഈ സിനിമ ഭയന്‍കരമാണ് ലോകാത്ഭുതമാണെന്ന് പറയുന്നതിനെ ഒരു ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ അഭിനന്ദിക്കുന്നു. സിനിമയ്ക്ക് ഗുണകരമാകുന്ന കാര്യമാണത്. പക്ഷേ ഈ സ്നേഹം മലയാളസിനിമയോട് മാത്രം എന്തുകൊണ്ടാണ് നമ്മുടെ മീഡിയകള്‍ കാണിക്കാത്തത്. സിനിമാക്കാരുടെ കോടിക്കണക്കിനു രൂപ പബ്ലിസിറ്റി ഇനത്തില്‍ ഇവര്‍ വാങ്ങുന്നില്ലേ.
മലയാളത്തിന്റെ താരങ്ങളെക്കൊണ്ട് പരിപാടികള്‍ ചെയ്യിച്ച് കാശുണ്ടാക്കുന്ന ചാനലുകള്‍, അവരുടെ മുഖചിത്രം അടിച്ചും ജീവിതകഥ എഴുതിയും സര്‍ക്കുലേഷന്‍ കൂട്ടുന്ന പത്രക്കാര്‍ ഇവരാരും കബാലിക്കോ അതുപോലുള്ള തമിഴ് ചിത്രത്തിനോ കൊടുക്കുന്ന പ്രാധാന്യം മലയാള സിനിമയ്ക്ക് കൊടുക്കുന്നില്ല എന്നു മാത്രമല്ല പരമ പുഛമാണ് പലപ്പോഴും.. ഇതിനെതിരെ പ്രതികരിക്കാന്‍ മലയാള സിനിമയിലെ ഒരു സംഘടനയുമില്ല, അതാണ് ഏറെ രസകരം.
ഇനിയും രണ്ടോ മൂന്നോ ആഴ്ചകള്‍ ഓടുമായിരുന്ന കസബയും, അനുരാഗ കരിക്കിന്‍ വെള്ളവും, ഒക്കെ എടുത്തു മാറ്റി മുഴുവന്‍ സ്‌ക്രീനുകളും കബാലിക്കായി മാറ്റിവെച്ച നമ്മുടെ സിനിമാ ഇന്‍ഡസ്ട്രിയും മീഡിയകളേ പോലെ തന്നെ മലയാള സിനിമയോടു കാണിച്ചത് നന്ദികേടാണ്. ഉണ്ട ചോറിനോടു കാണിച്ച കൂറുകേടാണ്.. മീടിയകളിലൂടെയുള്ള അസാധാരണ ഹൈപ്പ് ഏതു മോശം സാധനത്തെയും ഒരാഴ്ച്ചത്തേക്കെങ്കിലും ജനപ്രിയമാക്കാം. സിനിമയെ സംബന്ധിച്ച് അതുമതിയാകും സാമ്പത്തിക വിജയത്തിന്. തമിഴിന് കൊടുത്തോളു ഈ ഹൈപ്പ് പക്ഷേ അതിന്റെ പത്തിലൊന്നെങ്കിലും സ്വന്തം ഭാഷയ്ക്ക് കൊടുത്തുകൂടെ? മലയാള സിനിമയെ സംരക്ഷിക്കാനായി ധാരാളം സംഘടനകളുണ്ടല്ലോ ഇത്തരം കാര്യങ്ങളില്‍ അവര്‍ക്ക് ഒരഭിപ്രായവും ഇല്ലേ?