കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകന്‍ വിനയന്‍. മണിയുടെ ജീവിതം സിനിമയാക്കിയപ്പോള്‍ മരണത്തെക്കുറിച്ചും അതില്‍ പ്രതിപാദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ വിനയനില്‍ നിന്നും മൊഴി രേഖപ്പെടുത്താന്‍ തയ്യാറായി.
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകന്‍ വിനയന്‍ സി.ബി.ഐക്ക് മൊഴി നല്‍കി. എന്നാല്‍ തന്റെ പുതിയ സിനിമയില്‍ മണിയുടെ മരണരംഗം ചിത്രീകരിച്ചിരിക്കുന്നത് ഭാവന മാത്രമാണെന്നും പറഞ്ഞു.
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ രംഗങ്ങളുടെ അടിസ്ഥാനത്തിലാണ് മണിയുടെ മരണം അന്വേഷിക്കുന്ന സംഘം വിനയന്റെ മൊഴിയെടുത്തത്. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രം.
കലാഭവന്‍ മണിയുടെ മരണത്തിന്റെ തൊട്ടുമുന്‍പുള്ള ദിവസം ചാലക്കുടിയിലെ പാടി എന്ന വിശ്രമകേന്ദ്രത്തില്‍ നടന്ന മദ്യസല്‍ക്കാരം അടക്കമുള്ള ആഘോഷങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അതിനൊടുവിലാണ് മണിയുടെ മരണമെന്നാണ് സിനിമയില്‍ പറയുന്നത്. ഇതിനേക്കുറിച്ച് അന്വേഷിക്കണമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ സി.ബി.ഐയ്ക്ക് പരാതി നല്‍കിയിരുന്നു.
അതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഓഫീസില്‍ വച്ച് വിനയന്റെ മൊഴിയെടുത്തത്. തെളിവുകളുടെയൊന്നും അടിസ്ഥാനത്തിലല്ല സിനിമയുടെ കഥയെന്നാണ് വിനയന്‍ മൊഴി നല്‍കിയത്. മണിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി വിശ്വസിക്കുന്നൂവെന്നും സത്യം പുറത്തുവരണമെന്നും വിനയന്‍ പറഞ്ഞു.
മണി മരിച്ച് രണ്ടര വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വിഷമദ്യമായ മെഥനോള്‍ മരണകാരണമാകുന്ന അളവില്‍ ആന്തരികാവയവങ്ങളില്‍ കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണം.