ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പ്രളയമാരിയില്‍ സംസ്ഥാനത്താകെ 11,001 വീടുകളാണു തകര്‍ന്നത്. ഇതില്‍ 699 എണ്ണം പൂര്‍ണമായും 10,302 എണ്ണം ഭാഗികമായും തകര്‍ന്നു. 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബിക്ക് നഷ്ടം 820 കോടി രൂപ. 350 കോടി രൂപയുടെ ഉപകരണങ്ങള്‍ തകരാറിലായി.
പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് 470 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. 28 സബ് സ്റ്റേഷനുകളും 5 ഉല്‍പ്പാദന നിലയങ്ങളും പ്രവര്‍ത്തനം നിലച്ചു. അഞ്ച് ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. 1200 ട്രാന്‍സ്ഫോമറുകള്‍ വെള്ളത്തിനടിയിലാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
പ്രളയം മൂലമുള്ള അപകടം ഒഴിവാക്കുന്നതിന് പതിനായിരം ട്രാന്‍സ്ഫോമറുകള്‍ ഓഫാക്കിയിരിക്കുകയാണ്. വെള്ളപ്പൊക്കെ കെടുതി മാറിയ പ്രദേശങ്ങളില്‍ 4500ഓളം ട്രാന്‍സ്ഫോമറുകള്‍ ചാര്‍ജ് ചെയ്തു. ബാക്കിയുള്ളവയില്‍ ഏകദേശം 1200ഓളം ട്രാന്‍സ്ഫോമറുകള്‍ വെള്ളത്തിനടിയിലാണ്. അവ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികള്‍ തുടങ്ങി.
പ്രളയക്കെടുതിയില്‍ ഒലിച്ചുപോയതു 2.80 ലക്ഷം കര്‍ഷകരുടെ 45,988 ഹെക്ടറിലെ കൃഷിയാണ്. വീടുകളുടെയും കാര്‍ഷിക മേഖലയുടെയും നഷ്ടം ഏതാണ്ട് 1100 കോടി രൂപ വരും. കൃത്യമായ വിലയിരുത്തലിനു ശേഷമേ ശരിയായ നഷ്ടം തിട്ടപ്പെടുത്താന്‍ കഴിയൂ. തകര്‍ന്ന റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നഷ്ടം ഇതിന്റെ പലമടങ്ങു വരും.
ശുചീകരണത്തിനും വീടുകള്‍ വാസയോഗ്യമാക്കുന്നതിനുമായി 40,000 പൊലീസുകാര്‍ രംഗത്തിറങ്ങും. അറുപതിനായിരത്തിലേറെപ്പേരെ രക്ഷിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തതിനു പിന്നാലെയാണു പൊലീസ് ശുചീകരണ ദൗത്യത്തിലേക്കു കടക്കുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. ഡിജിപിയുടെ നിര്‍ദേശത്തിനു പിന്നാലെ ആറന്മുള മേഖലയില്‍ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ വീടുകള്‍ വൃത്തിയാക്കാനിറങ്ങി. ശുചീകരണത്തിനു സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും സര്‍ക്കാര്‍ തേടി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി 30 ദിവസത്തെ കര്‍മപദ്ധതി ആരോഗ്യവകുപ്പു തയാറാക്കി.