തിരുവനന്തപുരം: മുഖ്യമന്ത്രി പിടവാശി തുടരുന്നതിനിടയിലും ശക്തമായ സമരവുമായി മുന്നോട്ടെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും. ആശുപത്രി വിട്ടാല്‍ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ നിരാഹാരമാരംഭിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. അതേ സമയം ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ പോലീസ് സ്വീകരിച്ച നിലപാടുകള്‍ ഇടതുമുന്നണയിലും കടുത്ത പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അമ്മ മഹിജയും സഹോദരന്‍ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ നിരാഹാരസമരത്തിലാണ്. ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുള്‍പ്പെടെ 15 പേര്‍ മെഡിക്കല്‍ കോളേജ് വളപ്പിലും വ്യാഴാഴ്ച രാവിലെ നിരാഹരസമരം തുടങ്ങി.
അമ്മ മഹിജയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പൊലീസ് അതിക്രമം ചാനലില്‍ കാണാനിടയായ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വടകര വളയത്തെ വീട്ടിലും ഭക്ഷണമുപേക്ഷിച്ച് സമരം തുടങ്ങിയതോടെ സര്‍ക്കാര്‍ വീണ്ടും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. അമ്മയെ തല്ലാന്‍കാണിച്ച ആവേശം പ്രതികളെ പിടികൂടാന്‍ പൊലീസ് കാണിക്കാത്തത് ഏറെ സങ്കടമായെന്നാണ് സഹോദരി പറയുന്നത്. നെഹ്രു കോളേജ് ഉടമ കൃഷ്ണദാസിനോടുള്ളതുപോലെ പൊലീസുകാരോടും ദേഷ്യം തോന്നുന്നു. കുടുംബം ഏറെ സ്‌നേഹിച്ച പ്രസ്ഥാനത്തില്‍നിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. കഴിഞ്ഞവര്‍ഷത്തെ ജിഷ്ണുവിന്റെ വിഷുക്കണി പിണറായി വിജയനായിരുന്നു. ഇപ്രാവശ്യം കണികാണിക്കാന്‍ ജിഷ്ണുവില്ല. വിജയംകാണുന്നതുവരെ സമരംതുടരും ജിഷ്ണുവിന്റെ സഹോദരി പറഞ്ഞു.
ബുധനാഴ്ചത്തെ പൊലീസ് അതിക്രമത്തോടെ, ജിഷ്ണുവിന്റെ മരണവും അതേത്തുടര്‍ന്നുണ്ടായ സംഭവങ്ങളും പുതിയൊരു ദിശയിലേക്ക് കടന്നു. പൊതുവെ, ഹര്‍ത്താലിന് എതിരായ കേരളം വ്യാഴാഴ്ച ഒരമ്മയുടെ വേദനയ്‌ക്കൊപ്പം അതിനോട് സഹകരിച്ചു. സമാനതകളില്ലാത്ത സമരത്തിനും പ്രതിഷേധത്തിനുമാണ് കേരളം സാക്ഷിയാകുന്നത്. ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍, അമ്മായി ശോഭ, ഇളയച്ഛന്‍ ബാലന്‍, ബന്ധുക്കളായ കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, മഹേഷ്, ഹരിദാസ്, അശോകന്‍, പാമ്പാടി നെഹ്രു കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി ബിമല്‍ രാജ്, അവസാനവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കെ.എല്‍. അരുണ്‍ തുടങ്ങിയവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിവളപ്പില്‍ സമരംചെയ്യുന്നത്. വെള്ളിയാഴ്ച മുതല്‍ മഹിജയും അശോകനും നിരാഹാരസമരവും ബാക്കിയുള്ളവര്‍ റിലേ സത്യാഗ്രഹവും നടത്താനാണ് ഉദ്ദേശിക്കുന്നത്.
പൊലീസിനെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാറും ഉദ്യോഗസ്ഥരും
അതേസമയം ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ വലിച്ചിഴച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന നിലപാടില്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും. എന്നാല്‍ വിഷയം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍, തന്നെ മര്‍ദിച്ചതായി മഹിജ ആരോപിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സൂചന. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കു പൊലീസ് നടപടിയില്‍ കടുത്ത അമര്‍ഷമുണ്ട്.
മഹിജയെയും മറ്റും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തതില്‍ പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായില്ലെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച ഐജി മനോജ് ഏബ്രഹാമിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇവരോടൊപ്പം എത്തിയ അഞ്ചുപേര്‍ പ്രശ്‌നം വഷളാക്കാന്‍ ഗൂഢാലോചന നടത്തിയോ എന്നുകൂടി അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഐജിയോടു നിര്‍ദേശിച്ചു.